കോഴിക്കോട്: (kozhikode.truevisionnews.com) താഴെത്തട്ടിലെ ജീവനക്കാരായ പാർട്ട് ടൈം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പതിനെട്ടായിരം രൂപയായി ഉയർത്തണമെന്ന് കേരള കണ്ടിൻജന്റ് എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
തുല്യ ജോലിക്ക് തുല്യ വേതനം എന്ന നീതി കേരള സിവിൽ സർവീസ് മേഖലയിൽ നടപ്പിലാക്കണമെന്നും പാർട്ട് ടൈം ജീവനക്കാർക്കും ഇതര സർക്കാർ ജീവനക്കാർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകൾ അനുവദിക്കണമെന്നും കോഴിക്കോട് ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്ന കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ KCEF സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജപ്പൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
10 വർഷം സേവന ദൈർഘ്യമുള്ള മുഴുവൻ കണ്ടിൻജന്റ് ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, പാർട്ട് ടൈം സ്വീപ്പർമാർക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക, ആഴ്ചയിൽ ഒരു ദിവസം അവധി അനുവദിക്കുക,
കണ്ടിൻജന്റ് ജീവനക്കാരെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പാർട്ട് ടൈം സ്വീപ്പർ മാർക്കും അടിസ്ഥാന ശമ്പളം 18000 രൂപ ആക്കുക, SLI, HRA എന്നീ ആനുകൂല്യങ്ങൾ അനുവദിക്കുക,
കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 10 ന് മനുഷ്യാവകാശ ദിനത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ശ്രീമതി സി കെ റീന അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി എം സജീന്ദ്രൻ, പി റാം മനോഹർ, ജില്ലാ സെക്രട്ടറി പി സുനിൽകുമാർ,
ജില്ലാ പ്രസിഡന്റ് കെ അജിന, KAHDSA സംസ്ഥാന സെക്രട്ടറി മനോജ്‌കുമാർ പാറപ്പുറത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ബാബുരാജ്. പി, സെക്രട്ടറി റീന സി കെ, ട്രഷറർ സന്തോഷ്‌കുമാർ എന്നിവരെ തെരഞ്ഞെടുത്ത യോഗത്തിൽ ബാബുരാജ്. പി സ്വാഗതം ആശംസിച്ചു. ശ്രീമതി. സരള നന്ദി പ്രകാശിപ്പിച്ചു.
#DistrictCommittee #Kerala #Contingent #EmployeesFederation #formed