കോഴിക്കോട്: (kozhikode.truevisionnews.com) മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത്. മില്‍മ ഐസ്‌ക്രീമുകളും ഉത്പ്പന്നങ്ങളും ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം രൂപകത്പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ഫ്രീസറും ഉള്‍പ്പെടുന്ന മില്‍മ മിലി കാര്‍ട്ട് എന്ന ഇലക്ട്രിക് വാഹനം.
ബീച്ചുകള്‍, ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രധാന കവലകള്‍ എന്നിവിടങ്ങളില്‍ മില്‍മ ഐസ്‌ക്രീം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് മിലി കാര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതര മില്‍മ ഉത്പ്പന്നങ്ങള്‍ കൂടി മിലി കാര്‍ട്ട് വഴി വിപണനം നടത്തുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. മലബാറിലെ അഞ്ചു ജില്ലകളിലേക്കായി 10 മില്‍മ മിലി കാര്‍ട്ടുകളാണ് ഇന്നലെ പുറത്തിറക്കിയത്. നടുവട്ടത്തെ സെന്‍ട്രല്‍ പ്രൊഡക്ട്‌സ് ഡെയറിയില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഫ്‌ളാഗ് ഓഫും താക്കോല്‍ദാന കര്‍മ്മവും നിര്‍വ്വഹിച്ചു.
കേരളത്തിലെ മില്‍മയുടെ മൂന്നു മേഖലാ യൂണിയനുകള്‍ക്കായി 30 മിലി കാര്‍ട്ടുകളാണ് റോഡിലിറക്കിയത്. ഇവയുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി 70 മിലി കാര്‍ട്ടുകള്‍ കൂടി വിപണിയിലിറക്കുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരു മില്‍മ മിലി കാര്‍ട്ട് എന്നതാണ് ലക്ഷ്യമെന്നും കെ.എസ് മണി പറഞ്ഞു. മില്‍മ ഉത്പ്പന്നങ്ങള്‍ക്ക് വിദേശങ്ങളിലും പ്രിയമേറുകയാണ്.
മില്‍മ പാല്‍പ്പൊടി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. 35 ടണ്ണിനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. മില്‍മ യുഎച്ച്ടി മില്‍ക്കും ജ്യൂസുകളും മാലി ദ്വീപിലേക്കും കയറ്റി അയക്കുന്നുണ്ട്. ഇന്‍സ്റ്റ മാര്‍ട്ട് വഴിയുള്ള മില്‍മ ഉത്പ്പന്നങ്ങളുടെ ഓണ്‍ ലൈന്‍ വിപണനത്തിലും നല്ല മുന്നേറ്റമാണുള്ളത്. ചെന്നൈ, മുബൈ, ബംഗളുരു എന്നീ നഗരങ്ങളിലും ഇന്‍സ്റ്റ മാര്‍ട്ട് വഴി മില്‍മ ഉത്പ്പന്നങ്ങള്‍ വൈകാതെ വീടുകളില്‍ ലഭ്യമാകുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
ചടങ്ങില്‍ മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ ആര്‍.എസ്. വിനോദ് കുമാര്‍ സംസാരിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ പി.ആര്‍. സന്തോഷ് സ്വാഗതവും കോഴിക്കോട് ഡെയറി മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ ശരത്ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം കോഴിക്കോട് നഗരത്തില്‍ മില്‍മ മിലി കാര്‍ട്ടുകള്‍ അണി നിരന്ന റോഡ് ഷോയും നടന്നു.
Milli Cart with Milma products now within reach