കോഴിക്കോട്: (kozhikode.truevisionnews.com) ദേശീയതലത്തിൽ തന്നെ ആയുർവേദത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരുന്ന വർത്തമാന കാലത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആയുർവേദ ചികിത്സ ജനങ്ങൾക്ക് എളുപ്പം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായുള്ള ശില്പശാലയും ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളുടെ സമാപനവും കോഴിക്കോട് ഭട്ട് റോഡിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുർവേദം പഠിക്കാൻ ലഭിച്ച കാലങ്ങളിലെ ഓർമ്മകളും മന്ത്രി പങ്കുവെച്ചു. പരിപാടിയിൽ മുതിർന്ന ആയുർവേദ ചികിത്സകനും വിരമിച്ച സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ. കെ ചാത്തുവിനെ മന്ത്രി ആദരിച്ചു.
വിവിധ മത്സര പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശിൽപ്പശാലയിൽ 'ആയുർവേദ പഥ്യാഹാരം' എന്ന വിഷയത്തിൽ ഡോ. ഷൈജു ഒല്ലാങ്കോടും (മാവൂർ ഗവ. ആയുർവേദ ഡിസ്പെൻസറി) 'ആയുർവേദ സ്റ്റാർട്ടപ്പുകൾ-ഭാവി സംരംഭകർക്കുള്ള അവസരങ്ങളും സ്വാധീനങ്ങളും' എന്ന വിഷയത്തിൽ ധാത്രി ഫാർമസ്യൂട്ടിക്കൽ എംഡി ഡോ. സജികുമാറും ക്ലാസ്സുകൾ നയിച്ചു.
ആയുർവേദ ഡോക്ടർമാർ, വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആയുർവേദ ഡിഎംഒ ഡോ. എസ് ശ്രീലത, ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമൻ, കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ശുഭശ്രീ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി സി കവിത, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് വി എസ് സോണിയ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റീജ മനോജ്, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അനീന പി ത്യാഗരാജ് എന്നിവർ സംസാരിച്ചു.
#Steps #make #Ayurvedic #treatment #available #every #grampanchayat #Minister #Saseendran