നടുവണ്ണൂർ : (kozhikode.truevisionnews.com) സംസ്ഥാനപാതയിലെ ജവാൻ ഷൈജു ജംഗ്ഷന് സമീപമുള്ള അപകട വളവിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് ആറുപേർക്ക്.
പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിൽ തന്നെ എസ് വളവെന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാത്തതും വളവിൽ വെച്ച് വാഹനങ്ങളെ മറികടക്കുവാനുള്ള പ്രവണതയും ആണ് അടിക്കടി വാഹനാപകടങ്ങൾക്ക് കാരണമായിട്ടുള്ളത് റോഡ് മുറിച്ചു കിടക്കുവാനുള്ള സംവിധാനവും കാൽനടയ്ക്കാവശ്യമായ നടപ്പാത ഇല്ലാത്തതും നാട്ടുകാരെ ഏറെ വലച്ചിരുന്നു.
2020ൽ18 വയസ്സുകാരൻ പുത്തലത്ത് മുഹമ്മദ് ഷഹൽ സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടതോടെ മരണം അഞ്ചായി ഉയർന്നു.
ഷഹലിന്റെ മരണത്തോടെ അപകടം കുറയ്ക്കേണ്ട അടിയന്തര നടപടി ആവശ്യപ്പെട്ട് നടുവണ്ണൂരിലെ പൊതുപ്രവർത്തകനായ ഒ എം കൃഷ്ണകുമാർ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പരാതി നൽകുകയും പരാതിക്കാരന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുവാനും അടിയന്തര നടപടി സ്വീകരിക്കാനും പൊതുമരാമത്ത് ജില്ലാ സാങ്കേതിക വിഭാഗത്തിനോട് മന്ത്രി നിർദേശം നൽകി.
തുടർന്ന ങ്ങോട്ടുള്ള നിരന്തരമായ ഇടപെടലിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകളും കോടതികളും കയറിയിറങ്ങിയ കൃഷ്ണകുമാറിന്റെ നിതാന്ത പരിശ്രമം 'എസ്' വളവ് നിവർത്തുന്നതിന് സഹായകമായി.
ആദ്യഘട്ടത്തിൽ 36 ലക്ഷം രൂപ അടങ്കൽ തയ്യാറാക്കിയ പദ്ധതി പിഡബ്ല്യുഡി വശം ഫണ്ടില്ലാത്തതിനാൽ പ്രവർത്തി മുടങ്ങുകയും ചെയ്തു.
കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജഡ്ജി നേരിട്ട് ഗതാഗത കമ്മീഷണറെ വിളിച്ചതും കാര്യഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തത് തന്റെ പൊതുജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് കൃഷ്ണകുമാർ പറഞ്ഞു.
ഇതിനിടെ അപകട വളവിൽ ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി പരിക്ക് പറ്റിയ റിട്ടയേഡ് ട്രഷറി ഓഫീസറും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ ആറായി ഉയർന്നു. സാങ്കേതിക വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിരന്തരമായി ബന്ധപ്പെട്ടതിന്റെ വെളിച്ചത്തിൽ എസ്റ്റിമേറ്റ് 36 ലക്ഷത്തിൽ നിന്നും 25 ലക്ഷം ആയി കുറച്ചാൽ ചീഫ് എൻജിനീയർക്ക് അനുമതി നൽകുവാൻ കഴിയുമെന്ന നിർദ്ദേശത്തിന്‍റെ വെളിച്ചത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചതിന്റെ അനന്തരഫലമായി 25 ലക്ഷം രൂപ അനുവദിച്ചു.
കോവിഡ്കാലം നടപടികൾ വൈകിപ്പിച്ചു.എന്നാൽ കാൽനട യാത്രയ്ക്കാവശ്യമായ നടപ്പാത നിർമ്മാണത്തിന് സംസ്ഥാനപാതയുടെ കിഴക്കുവശം ഓട നിർമാണത്തിനും കവറിങ് സ്ലാബിന് സ്ഥലമില്ലാത്ത അവസ്ഥയും സംജാതമായി.
ഒട്ടേറെ വാഹനാപകടങ്ങളും ദീന രോദനങ്ങളും മരണങ്ങളും റോഡിലെ ചോരയും കണ്ടുമടുത്ത കേരിതാഴെ കുടുംബം സംസ്ഥാനപാതയിലെ ലക്ഷങ്ങൾ വില വരുന്ന സ്ഥലം സൗജന്യമായി വിട്ടു നൽകുവാൻ മുന്നോട്ടുവന്നു.
പരേതനായ കേരിതാഴെ അവറാൻ മാഷിൻ്റെ മക്കളായ റജീഷ്, റിഷാദ് എന്നിവരുടെ മഹാമനസ്കത കൊണ്ട് തീർത്തും സൗജന്യമായി റോഡിനു വേണ്ടി സ്ഥലം വിട്ടുനൽകി. റോഡിൻ്റെ കിഴക്കുഭാഗം കാൽനടയ്ക്ക് ആവശ്യമായ ഓടയും കവറിംഗ് സ്ലാബും സ്ഥാപിക്കുവാൻ പണികൾ പുരോഗമിക്കുകയാണ്.
റോഡിൻറെ കിഴക്കുവശം ഡ്രയിനേജും കവറിങ് സ്ലാബും പണിതാൽ ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കുവാനും പടിഞ്ഞാറുഭാഗം കവറിംഗ് ഇപ്പോഴുള്ള ബാരിയർ നീക്കം ചെയ്ത് പകരം കൈവരിച്ച സ്ഥാപിച്ചും വാഹനങ്ങളുടെ വേഗത കുറയ്ക്കുവാനുള്ള റബ്ബ്ൾ സ്ട്രിപ്സും സീബ്രാവരെയും നൽകി വാഹനാപകടം കുറയ്ക്കുവാനുള്ള നടപടികളാണ് നാലുവർഷത്തിനുശേഷം സഫലമാകുന്നത്.
ഉള്ളിയേരി മുതൽ കരുവണ്ണൂർ വരെ റീടാറിങ് നടത്തുവാൻ നാലരക്കൊടി രൂപ അനുവദിച്ചതിന്റെ പ്രവർത്തിയും നടന്നുവരുന്നു. ഈ രണ്ടു പ്രവർത്തികളും ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ഏറ്റെടുത്ത് ചെയ്യുന്നത്.
#hardwork #publicservant #dangerous #curve