കോഴിക്കോട്: (newskozhikode.in) മാലിന്യനിർമാർജ്ജനത്തിൽ ചെറിയ കാര്യങ്ങൾ എല്ലാവരും ചെയ്‌താൽ തന്നെ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ചൂണ്ടിക്കാട്ടി.
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജില്ലാതല ശില്പശാല പുതിയറ എസ് കെ പൊറ്റെക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സമ്പൂർണത, സുസ്ഥിരത, മനോഭാവം എന്നിവയാണ് രണ്ടാം ഘട്ട ക്യാമ്പയിന്റെ മുദ്രാവാക്യം. എല്ലാവരെയും കേട്ട്, അവരുടെ അഭിപ്രായം കൂടി പരിഗണിച്ചു സഹകരിച്ചു പ്രവർത്തിച്ചാൽ മനോഭാവം മാറും.
മാലിന്യം വേർതിരിക്കുന്നതിലും മാലിന്യ നിർമാർജ്ജനത്തിലും എല്ലാവരും ചെറിയ കാര്യങ്ങൾ ചെയ്‌താൽ തന്നെ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
ഉന്നത പദവിയിൽ ഇരിക്കുന്നവരും ഉദ്യോഗസ്ഥരും മറ്റും മാലിന്യത്തിന്റെ കാര്യത്തിൽ ചെയ്യുന്ന മാതൃകാ പ്രവൃത്തി മറ്റുള്ളവർ പിന്തുടരും. മുതിർന്നവർ ചെയ്യുന്നത് കാണുമ്പോൾ കുട്ടികളും ചെയ്തോളും, മേയർ പറഞ്ഞു.
മാലിന്യം കൈകാര്യം ചെയ്യുന്ന നമ്മുടെ മനോഭാവം പഴയതിലും നിന്നും ഏറെ മാറിയതായി മേയർ നിരീക്ഷിച്ചു. നല്ല മാറ്റങ്ങൾക്ക് സമ്പൂർണതയും സുസ്ഥിരതയും ആവശ്യമുണ്ട്. എങ്കിലേ നേട്ടങ്ങൾ നിലനിൽക്കുകയുള്ളൂ.
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ, കില ഫെസിലിറ്റേറ്റർ പ്രമോദ് എന്നിവർ സംസാരിച്ചു.
#mayor #everyone #small #things #waste #disposal #big #change