---
title: "#MuhammadRiyas | കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് 1312 കോടി- മന്ത്രി മുഹമ്മദ് റിയാസ് "
english_title: "#crore #for #development #roads #Kozhikode #city- #Minister #MuhammadRiyas"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/190430/crore-for-development-roads-kozhikode-city-minister-muhammadriyas"
published_at: "2024-03-09T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec2831e496b_aq.jpg"
keywords: []
---

# #MuhammadRiyas | കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് 1312 കോടി- മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **കോഴിക്കോട്: [ **സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

## Article Content

**കോഴിക്കോട്: [ **സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 720.39 കോടി രൂപയ്ക്കും റോഡുകളുടെ നിര്‍മ്മാണത്തിന് 592.28 രൂപയ്ക്കും ആണ് അനുമതി ആയത്.

മാളിക്കടവ് - തണ്ണീര്‍ പന്തല്‍ റോഡ് (16.56 കോടി), കരിക്കാംകുളം - സിവില്‍ സ്റ്റേഷന്‍ - കോട്ടൂളി (84.54), മൂഴിക്കല്‍ - കാളാണ്ടിത്താഴം (25.63), മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ് (199.57), മാനാഞ്ചിറ - പാവങ്ങാട് (287.34), കല്ലുത്താന്‍കടവ് - മീഞ്ചന്ത (153.43),

കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര ഫ്‌ളൈ ഓവര്‍ (15.52), സി.ഡബ്ല്യു.ആര്‍.ഡി.എം. - പെരിങ്ങൊളം ജങ്ഷന്‍ (11.79), മിനി ബൈപ്പാസ് - പനാത്തുതാഴം ഫ്‌ളൈ ഓവര്‍ (75.47), അരയിടത്തു പാലം - അഴകൊടി ക്ഷേത്രം - ചെറൂട്ടി നഗര്‍ (28.82),

രാമനാട്ടുകര -വട്ടക്കിണര്‍ (238.96), പന്നിയങ്കര - പന്തീരാങ്കാവ് (175.06) എന്നീ റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചത്.

റോഡുകളുടെ പണി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും. കോഴിക്കോട്ടെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഈ റോഡുകളുടെ വികസനം.

മിഷന്‍ 20-30 യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്, അദ്ദേഹം പറഞ്ഞു. 12 റോഡുകളുടെയും വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് സ്‌പെഷ്യല്‍ ടീമിനെ നിയമിക്കുന്ന കാര്യം ധനകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യും.

യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഈ റോഡുകളുടെ നവീകരണം നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമാകുന്നതോടൊപ്പം നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/190430/crore-for-development-roads-kozhikode-city-minister-muhammadriyas)