ബേപ്പൂർ: (kozhikode.truevisionnews.com) കൗതുകവും ഉദ്വേഗവും വാനോളമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം പ്രദർശനം ബേപ്പൂരിലെത്തിയ സഞ്ചാരികൾക്ക് നവ്യാനുഭവമായി.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം ബേപ്പൂർ ബ്രേക്ക് വാട്ടറിന് മുകളിലായി നടത്തിയത്.
ആകാശത്ത് വട്ടമിട്ട് പറന്ന ഹെലിക്കോപ്റ്റർ ബ്രേക്ക് വാട്ടറിന് മുകളിൽ അമ്പതടിയോളം ഉയരത്തിൽ നിലയുറപ്പിച്ച ശേഷമായിരുന്നു അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചത്. ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി നേവി ഉദ്യോഗസ്ഥൻ അമ്പതടിയോളം താഴേക്ക് ഇറങ്ങുകയും മുകളിലേക്ക് വലിച്ച് കയറ്റുന്നതുമായിരുന്നു പ്രദർശനം.
അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തന മാതൃക ഫെസ്റ്റിന് എത്തിയ കാണികളെ അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. നേവിയുടെ പ്രകടനത്തെ കാണികൾ ഒന്നടങ്കം കയ്യടിച്ചു അഭിനന്ദിച്ചു.
പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് നേവി ഉദ്യോഗസ്ഥൻ കാണികളെയും അഭിവാദ്യം ചെയ്തു. കൊച്ചിയിൽ നിന്നെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് രക്ഷാദൗത്യ പ്രകടനം നടത്തിയത്.
കടലിലും കായലിലും ബോട്ടുകളും വള്ളങ്ങളും മറ്റും അപകടത്തിൽപ്പെടുമ്പോഴും വെള്ളപ്പൊക്കത്തിൽ അകപ്പെടുമ്പോളും നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ മാതൃക കൂടിയായിരുന്നു ബേപ്പൂരിൽ വ്യാഴാഴ്ച കാണാൻ സാധിച്ചത്.
#Navy's #Helicopter #Rescue #Mission #Raises #Curiosity #Excitement