കോഴിക്കോട്: (kozhikode.truevisionnews.com) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാർക്ക് 2022 ജൂൺ 30 വരെ അനുവദിച്ച മുഴുവൻ തിരിച്ചറിയൽ കാർഡുകളും റദ്ദാക്കി.
കൈവശമുള്ള തിരിച്ചറിയൽ കാർഡുകൾ ഒരു മാസത്തിനകം നൽകി പുതിയവ വാങ്ങണമെന്നും സൂപ്രണ്ട് ഉത്തരവിട്ടു. ഒരു മാസത്തിനു ശേഷം പഴയ കാർഡുകൾ ഉപയോഗിക്കാൻ പാടില്ല.
പിരിഞ്ഞുപോയ ശേഷവും പലരും അതുപയോഗിച്ചു നിലവിലെ ജീവനക്കാരാണെന്ന വ്യാജേന ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതായി പരാതിയുണ്ട്.
ജീവനക്കാർക്കു നൽകുന്ന പാർക്കിങ്, ഒപി ടിക്കറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതായും പരാതിയുണ്ട്. ഇതിനു പുറമേ പല തരത്തിലുള്ള കാർഡുകളും വ്യാജമായി നിർമിച്ചു നൽകുന്നതായും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
താൽക്കാലിക ജീവനക്കാർക്ക് ഏകീകൃത ചാനൽവഴി 2022 ജൂലൈ 1 മുതൽ തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്. മുൻപു പലപ്പോഴായി അനുവദിച്ചതും വ്യാജമായി നിർമിച്ചതുമായ തിരിച്ചറിയൽ കാർഡുകൾ റദ്ദാക്കിയാൽ മാത്രമേ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യുന്നതു തടയാൻ കഴിയൂ.
തുടർന്നാണു 2022 ജൂൺ 30 വരെ നൽകിയ തിരിച്ചറിയൽ കാർഡുകൾ റദ്ദാക്കാൻ തീരുമാനിച്ചത്.
ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കു പല ഘട്ടങ്ങളിലായി വിവിധ തരത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നു. ജീവനക്കാരൻ പിരിഞ്ഞു പോകുമ്പോൾ ഈ കാർഡ് തിരിച്ച് ഏൽപിക്കുകയോ ഉത്തരവാദപ്പെട്ടവർ തിരിച്ചു വാങ്ങുകയോ ചെയ്തിരുന്നില്ല.
തട്ടിപ്പ് കേസിലെ പ്രതി ഉപയോഗിച്ചതും പഴയ തിരിച്ചറിയൽ കാർഡ് കോവിഡ് കാലത്ത് മെഡിക്കൽ കോളജിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരൻ ഇവിടെ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വഞ്ചിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നെങ്കിലും ജീവനക്കാരൻ ഈ മാസം ആദ്യം വരെ ഇവിടത്തെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പൊക്കുന്നിലെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ നേരത്തെ ആശുപത്രിയിൽ നിന്നു നൽകിയ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തിരുന്നു.
#Govt. ID #card #medical #college #hospital #temporary #staff #cancelled