കോഴിക്കോട്: (kozhikode.truevisionnews.com) എസ്എഫ്ഐ, കെഎസ്‌യു സംഘർഷത്തെ തുടർന്ന് ലോ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
കോളജിൽ പകൽ മുഴുവൻ സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്നാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചത്.
എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർ പലപ്പോഴും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. എസ്എഫ്ഐ നേതാക്കളായ യൂണിയൻ ജനറൽ സെക്രട്ടറി ഹൃത്വിക്, ആസിഫ് എന്നിവരെ സസ്പെൻഡ് ചെയ്തു.
ഇന്നലെ രാവിലെ കെഎസ്‌യുവിന്റെ കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. കെഎസ്‌യു പ്രവർത്തകർ പ്രകടനവുമായി എത്തി കൊടികൾ വീണ്ടും കെട്ടി.
കൊടി നശിപ്പിക്കാതിരിക്കാൻ കെഎസ്‌യു പ്രവർത്തകർ ഇന്നലെ രാത്രി കാവൽ നിന്നു. ഇതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ, കെഎസ്‌യു പ്രവർത്തകൻ അമൽ ജോസഫിനെ മർദിച്ചത്.
ഇതോടെ ഇന്നു രാവിലെ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. തുടർന്നാണ് രണ്ടു പേരെ സസ്പെൻഡ് ചെയ്യുമെന്ന് കോളജ് അധികൃതർ അറിയിച്ചത്.
ഇന്ന് കോളജ് യൂണിയൻ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് യൂണിയൻ ഉദ്ഘാടനം നീണ്ടുപോയി. ഒടുവിൽ സച്ചിൻ ദേവ് എംഎൽഎ എത്തി ഉദ്ഘാടനം നിർവഹിച്ചു.
ഇതിനിടെ, എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ ഉത്തരവ് ഇറങ്ങാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ വീണ്ടും പ്രതിഷേധം ആരംഭിച്ചു.
എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ എംഎൽഎയെ കരിങ്കൊടി കാണിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു.
പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കുകയായിരുന്നു. ഇതിനിടെ പ്രവർത്തകർ അൽപനേരം റോഡ് ഉപരോധവും നടത്തി.
യൂണിയൻ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു കൊടികൾ അഴിച്ചുമാറ്റിയതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് സൂരജ് പറഞ്ഞു.
പന്ത്രണ്ടോളം കൊടികളാണ് നീക്കിയതെന്നും അദ്ദേഹം പറഞ്ഞു. ക്യാംപസിൽ എസ്എഫ്ഐ അക്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
#SFI #KSU #clash #Kozhikode #LawCollege #closed #indefinitely