(www.truevisionnews.com)ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം പെട്ടന്ന് തന്നെ ബസ് വരണം, അല്ലെങ്കിൽ പെട്ടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തണം എന്നായിരിക്കും. എന്നാൽ ഈ ബസ് സ്റ്റോപ്പിൽ എത്തുന്നവർ ബസ് കാത്ത് മുഷിയില്ല. അത്രയ്ക്ക് മനോഹരമാണ് ഇവിടം. എതാണ് ആ ബസ് സ്റ്റോപ്പെന്നല്ലേ? വയനാട്ടിലെ സുൽത്താൻ ബത്തേരി പാട്ടവയൽ റോഡിലെ നമ്പിക്കൊല്ലി ടൗണിലാണ് പൂക്കളാൽ നിറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.
ഏതൊരു ചൂടിലും തണുപ്പിലും യാത്രക്കാരെ പിടിച്ചിരുത്താൻ ഈ നമ്പിക്കൊല്ലി ബസ്‌സ്റ്റോപ്പിന് കഴിയും. വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന പൂക്കൾ കാഴ്ചക്കാരുടെ ഹൃദയം കവരും. അതിനാൽ ഇവിടെ എത്തുന്നവർക്ക് അത്ര പെട്ടന്ന് പോകാൻ തോന്നില്ല
നമ്പിക്കൊല്ലിക്കാരനായ കൂട്ടുങ്കര ജോയി പന്ത്രണ്ട് വർഷം മുമ്പാണ് വൈൽഡ് ഗാർളിക് വൈൻ ഇനത്തിൽപെട്ട ചെടി കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നട്ടത്. പടര്‍ന്ന് പന്തലിക്കുന്ന ചെടിയായതിനാല്‍ കാത്തിരിപ്പുകേന്ദ്രത്തിന്‍റെ മുകളിലേക്ക് ഇതിനെ പടര്‍ത്തി. പിന്നീട് നമ്പികൊല്ലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമെല്ലാം ചേർന്ന് ഇത് പരിപാലിച്ചു. ഇപ്പോൾ ബസ് കേന്ദ്രത്തിനുമുകളിൽ പടർന്ന് കയറി മനോഹരമായ പൂക്കൾ വിടർത്തി നിൽക്കുകയാണ് ഈ ചെടി.
കഴിഞ്ഞ ആറുവര്‍ഷമായി ചെടി ഇത്തരത്തില്‍ പൂത്ത് നില്‍ക്കാറുണ്ട്. വള്ളിച്ചെടിയുടെ ഇല ഉരച്ചാല്‍ വെളുത്തുള്ളിയുടെ ഗന്ധമാണ്. അതിനാല്‍ ഇഴജന്തുക്കളെ പേടിക്കാതെ എവിടെയും വളര്‍ത്താമെന്നും പാമ്പ് അടക്കമുള്ളവ വരില്ലെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.
ബസ് സ്റ്റോപ്പിന്‍റെ മേൽക്കൂരയിൽ പൂത്തുലഞ്ഞ് നമ്പിക്കൊല്ലിയുടെ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് ഈ ചെടി. മേല്‍ക്കൂരയാകെ പൂക്കള്‍ നിറഞ്ഞതോടെ യാത്രക്കാര്‍ ഇവിടെയിറങ്ങി ഫോട്ടോയും സെൽഫിയുമെടുത്താണ് പോകുന്നത്. വയനാടിന് പുറത്ത് നിന്ന് വരെ സഞ്ചാരികൾ ബസ് സ്റ്റോപ്പ് കാണാൻ എത്തുന്നുണ്ട്.
wayanad sulthan bathery nambikkolli bus stop beautiful purple flowers