കോഴിക്കോട്: (kozhikode.truevisionnews.com) മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ച് പഠിച്ചു പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനു മന്ത്രി കെ.ബി.ഗണേഷ് കുമാർ കത്തു നൽകി.
പൊതുമരാമത്ത് ചീഫ് എൻജിനീയർ, ചീഫ് ടെക്നിക്കൽ എക്സാമിനർ എന്നിവരുൾപ്പെട്ട സംഘത്തെ ഇതിനായി നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതോടൊപ്പം കെഎസ്ആർടിസിയുടെ എല്ലാ ടെർമിനലുകളിലും വാടക നൽകാതെ പ്രവർത്തിക്കുന്ന ഓഫിസുകളുടെ കണക്കെടുക്കാനും മന്ത്രി നിർദേശം നൽകി.
വിവിധ ടെർമിനലുകളിൽ സർക്കാർ ഓഫിസുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും കെഎസ്ആർടിസിക്കോ കെടിഡിഎഫ്സിക്കോ വാടക കൃത്യമായി ലഭിക്കുന്നില്ല.
തിരുവനന്തപുരം ടെർമിനലിൽ ലോട്ടറി വകുപ്പിന്റെ 36 ലക്ഷം കുടിശികയുണ്ട്. ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന വകുപ്പായിട്ടും കെഎസ്ആർടിസിക്ക് പണം നൽകുന്നില്ല.
കോഴിക്കോട് ടെർമിനലിൽ ഓഫിസുകൾ ഒന്നും ഇല്ലെങ്കിലും പാർക്കിങ് ഇനത്തിലും ശുചിമുറി വാടക ഇനത്തിലും ലക്ഷങ്ങളാണ് കരാറുകാരുടെ മാസ വരുമാനം. ഇതേക്കുറിച്ചും വിശദ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.
കോഴിക്കോട് ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാൻ 32.5 കോടി ചെലവഴിക്കണമെന്നാണ് ഐഐടി പഠന റിപ്പോർട്ട്. എന്നാൽ അവർ കണ്ടെത്തിയ അത്രയും പ്രശ്നങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.
യഥാർഥ കുഴപ്പങ്ങൾ കണ്ടെത്തി, ചുരുങ്ങിയ ചെലവിൽ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പഠന സംഘത്തെ ചുമതലപ്പെടുത്തുന്നത്.
#KSRTC #terminal #power #loss #Minister #fresh #report