കോഴിക്കോട് : (kozhikode.truevisionnews.com)ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാറിന്റെ നിരുത്തരവാദിത്തം കാരണം ഉടലെടുത്തതാണെന്ന് മുൻ കെ എച്ച് എസ് ടി യു സംസ്ഥാന പ്രസിഡന്റ് നിസാർ ചേലേരി അഭിപ്രായപ്പെട്ടു.
കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ലെ പ്രവേശന പരീക്ഷാ സമയത്ത് തന്നെ ഉടലെടുത്ത അധ്യാപക സംഘടനകളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും, പൊതുസമൂഹത്തിന്റെയും പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിച്ച് ഒരു വർഷമായി പ്രശ്നത്തിനു മുകളിൽ അടയിരിക്കുകയായിരുന്നു ഗവൺമെന്റ് ചെയ്തത്.
ഒടുവിൽ പ്രോസ്പെക്ടസ് ഇറക്കി പരീക്ഷ നടന്നതിനുശേഷം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ തിടുക്കപ്പെട്ട് തീരുമാനമെടുത്തതാണ് വിനയായത്. കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ നിലനിൽക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് സർക്കാർ ഈ ചപ്പടിവിദ്യ ചെയ്തത്. അതുവഴി പ്രശ്നത്തിൽ ഇടപെട്ടു എന്ന് വരുത്തുക മാത്രമായിരുന്നു ഉദ്ദേശം.
പൊതുവിദ്യാഭ്യാസത്തിന്റെയും, ഗവൺമെന്റിന്റെയും വിശ്വാസ്യത തകർക്കുന്ന മണ്ടൻ തീരുമാനമായി ഇതു മാറി. പൊതു വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്ന രീതിയിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതുവരെ കെ എച്ച് എസ് ടി യു പോരാടുമെന്ന് സംഗമം മുന്നറിയിപ്പ് നൽകി.
കെ എച്ച് എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ഒ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. , വി കെ അബ്ദുറഹ്മാൻ, സി എ എൻ ഷിബിലി എ അബൂബക്കർ, കെ കെ ആലികുട്ടി ആർ കെ ഷാഫി, ഷമീം അഹമ്മദ്, മുഹമ്മദ് അഷ്‌റഫ് ,ലതീബ് കുമാർ, ഡോ ഷാജിത, സുബൈർ സി, സി വി എൻ യാസറ ,ആർ മൊയ്തു, മജീദ് ചോമ്പാല, അബ്ദുൽ ഹകീം ടി ടി, ഫൈസൽ, ശംസുദ്ധീൻ തളിപ്പറമ്പ് ബഷീർ കക്കോവ് എന്നിവർ നേതൃത്വം നൽകി
Keem crisis government creation KHSTU