കോഴിക്കോട്: (kozhikode.truevisionnews.com)സ്കൂൾ സമയമാറ്റവിഷയത്തിൽ മതമൗലികവാദികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ കെ എസ് ടി യു ) സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരൻ പറഞ്ഞു. എ കെ എസ്ടിയു നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഡിഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൽകഴുകൽ പോലുള്ള അപരിഷ്കൃത ആചാരങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കൊണ്ടുവന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ശമ്പള പരിഷ്കരണ ഡിഎ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, കേന്ദ്ര സർക്കാരിന്റെ വർഗീയ വിദ്യാഭ്യാസ അജണ്ടകളെ ചെറുക്കുക, അധ്യാപകരുടെ പ്രൊട്ടക്ഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുകയും ഹയർസെക്കൻഡറി അധ്യാപകർക്ക് ബാധകമാക്കുകയും ചെയ്യുക, വിദ്യാലയ വർഷം ചേരുന്ന മുഴുവൻ കുട്ടികളുടെയും എണ്ണം അധ്യാപകതസ്തികൾക്ക് പരിഗണിക്കുക, മുഴുവൻ അധ്യാപകർക്കും സ്ഥിരാഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടന്നത്.
എ കെ എസ് ടി യു ജില്ലാ നേതാക്കൾ ഡിഡിഇക്ക് നിവേദനം നൽകി. കെ വി ആനന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി ബി ബിനീഷ്, അഷറഫ് കുരുവട്ടൂർ, സി വി സജിത്ത്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ, സി കെ ബാലകൃഷ്ണൻ, പി അനീഷ്, അശ്വതി അജിത്ത്, എ ടി വിനീഷ് എന്നിവർ സംസാരിച്ചു.
AKSTU urges government not to yield to pressure from religious fundamentalists on school timings