Featured

'വികസന വരകള്‍'ക്ക് കൊയിലാണ്ടിയിൽ തുടക്കം

News |
Apr 26, 2025 08:52 PM

കോഴിക്കോട്: (kozhikode.truevisionnews.com) നാട്ടിലെ വികസനം അടയാളപ്പെടുത്തി പാലവും റോഡും ആശുപത്രിയും സ്കൂളും ചിത്രങ്ങളായി ക്യാൻവാസിൽ തെളിഞ്ഞു. 'വികസന വരകള്‍' എന്ന പരിപാടിയുടെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയിലാണ് ചിത്രകാർ നാടു മാറിയതിന്റെ വിവിധ കാഴ്ചകൾ വർണ്ണക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കി ഒരുക്കിയത്.


രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളിലാണ് 'വികസന വരകള്‍' എന്ന പേരിൽ സമൂഹ ചിത്രരചന സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു.


വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ സ്കൂൾ വിദ്യാര്‍ത്ഥികള്‍, ചിത്രകലാ അധ്യാപകര്‍, പ്രാദേശിക ചിത്രകാരര്‍ എന്നിവരാണ് സമൂഹ ചിത്രരചനയുടെ ഭാഗമായത്. ജില്ലയിലെ വിവിധ തദ്ദേശ കേന്ദ്രങ്ങളിലായി ഏപ്രില്‍ 29 വരെയാണ് വികസന വരകള്‍ സംഘടിപ്പിക്കുന്നത്.


ജില്ലയിലെയും തദ്ദേശ തലങ്ങളിലേയും വികസന നേട്ടങ്ങള്‍ ക്യാന്‍വാസില്‍ ചിത്രീകരിക്കും. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്കെല്ലാം ഇ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, ബിആര്‍സി യൂണിറ്റുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

തദ്ദേശ തലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളെയും ചിത്രകലാ അധ്യാപകരെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയുള്ള ജില്ലാതല മെഗാ ചിത്രരചന മെയ് ഒന്നിന് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കും. പ്രമുഖ ചിത്രകാരന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.


കൊയിലാണ്ടി യു എ ഖാദര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ ഷിജു, നിജില പറവക്കൊടി, സി പ്രജില, കൗൺസിലർ എ ലളിത, ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ, ബിആർസി പന്തലായനി ചിത്രകല അധ്യാപിക സുലൈഖ, പൊതുപ്രവർത്തകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

DevelopmentLines begin Koyilandy

Next TV

Top Stories










News Roundup