അത്തോളി : (kozhikode.truevisionnews.com) അത്തോളി കൊങ്ങന്നൂർ സ്പന്ദനം കലാ കായിക വേദി വാർഷികാഘോഷം സമന്വയം '25 എന്ന പേരിൽ വിവിധ പരിപാടികളോടെ ഏപ്രിൽ 10, 11, 12 തിയ്യതികളിൽ നടക്കും. കൊങ്ങന്നൂർ പറക്കുളം വയലിലാണ് വാർഷികാഘോഷത്തിന് വേദിയൊരുങ്ങുന്നത്.
ഏപ്രിൽ 10 ന് രാവിലെ 7 മണിക്ക് വേളൂർ പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ പറക്കുളം വയൽ വരെ ലഹരി വിരുദ്ധ സന്ദേശത്തോടെ മിനി മാരത്തോൺ നടക്കും. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡെപ്യൂട്ടി കമാണ്ടൻ്റ് ദേവകിദാസ് ഫ്ലാഗ് ഓഫ് ചെയ്യും. സംഘാടക സമിതി ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി.പി അശോകൻ സംസാരിക്കും.
കായിക താരങ്ങളും സന്നദ്ധ പ്രവർത്തകരും വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും മിനി മാരത്തോണിൽ അണിചേരും.
9 മണിക്ക് സ്വാഗത സംഘം രക്ഷാധികാരി കെ.ടി. ഹരിദാസൻ പറക്കുളം വയലിൽ പതാക ഉയർത്തും. വൈകീട്ട് 6 മണിമുതൽ കലാ പരിപാടികൾ അരങ്ങേറും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ. സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആനന്ദൻ കുട്ടോത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ ഇ. അനിൽകുമാർ എന്നിവർ സംസാരിക്കും.
തുടർന്ന് മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന , തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, യോഗ ഡാൻസ്, നാടോടി നൃത്തം, കഥാപ്രസംഗം എന്നിവ അരങ്ങേറും. ഏപ്രിൽ 11 ന് വൈകീട്ട് 5 മണിക്ക് കൊങ്ങന്നൂരിലെ പ്രാദേശിക കലാകാരൻമാർ ചെണ്ടമേളം അവതരിപ്പിക്കും.
ഏഴ് മണിക്ക് നടക്കുന്ന സാംസകാരിക സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു യുവതലമുറയും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിക്കും.
അത്തോളി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ എ. എം. സരിത, ഗ്രാമ പഞ്ചായത്ത് മെംബർമാരായ സാജിത പി.ടി, ജുനൈസ് പി.കെ, ഫൗസിയ ഉസ്മാൻ, സാമൂഹിക പ്രവർത്തകൻ സാജിത് കോറോത്ത്, അത്തോളി പ്രസ് ഫോറം രക്ഷാധികാരി അജീഷ് അത്തോളി എന്നിവർ ആശംസകളർപ്പിക്കും.
സ്വാഗത സംഘം ജനറൽ കൺവീനർ പി.കെ. ശശി സ്വാഗതവും കൺവീനർ എൻ. പ്രദീപൻ നന്ദിയും പറയും. രാത്രി 9.30 ന് ജി. ശങ്കരപിള്ള രചിച്ച കിഴവനും കഴുതയും എന്ന നാടകം അരങ്ങേറും. അഷ്റഫ് ചീടത്തിൽ സംവിധാനം ചെയ്ത നാടകത്തിൽ സ്പന്ദനം കലാ കായിക വേദിയിലെ കലാകാരൻമാരാണ് വേഷമിടുന്നത്.
ഏപ്രിൽ 12 ന് രാവിലെ 9.30 മുതൽ 12.30 വരെ മലബാർ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. നേത്ര പരിശോധന, ജനറൽ മെഡിസിൻ, ഇ. എൻ.ടി, ഗൈനക്കോളജി, ഡെൻ്റൽ എന്നീ വിഭാഗങ്ങളിൽ ചികിത്സാ സൗകര്യമുണ്ടാവും.
മൊബൈൽ ഡെന്റൽ ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 6 ന് കരോക്കെ ഗാനമേള നടക്കും. രാത്രി 8.30 ന് പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ച കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായി തെരുവ് അരങ്ങേറും. 10.30 ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടക്കും.
ആഘോഷ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളുടേത് ഉൾപ്പെടെ വിപണന മേളയും ഒരുക്കിയിട്ടുണ്ട്. സ്വാഗത സംഘം ചെയർമാൻ കെ.ടി. ശേഖർ, ജനറൽ കൺവീനർ പി.കെ. ശശി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. അനിൽകുമാർ , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അജീഷ് അത്തോളി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
#AnniversaryCelebration #April #Parakkulam #Field #Kongannur