നന്മണ്ട : (kozhikode.truevisionnews.com) നന്മണ്ടയ്ക്ക് സർഗാത്മകവും ചിന്തോദ്ദീപകവുമായ പത്ത് ദിനരാത്രങ്ങൾ സമ്മാനിച്ച് നന്മണ്ട ഫെസ്റ്റിന് കൊടിയിറങ്ങി.
ഇ കെ.നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ആറിന് പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ ആരംഭിച്ച സാംസ്കാരികോത്സവത്തിന് ചൊവ്വാഴ്ചയാണ് പരിസമാപ്തിയായത് കാലിക പ്രസക്തമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഉജ്ജ്വലങ്ങളായ പ്രഭാഷണങ്ങൾ, പ്രദേശത്തെ കലാകാരികളും കലാകാരന്മാരും അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, വിനോദവും വിജ്ഞാനവും വിളമ്പിയ അമ്യൂസ്മെൻ്റ് കാർണ്ണിവൽ എന്നിവ അക്ഷരാർത്ഥത്തിൽ പത്ത് ദിവസം നന്മണ്ടയ്ക്ക് ഉത്സവഛായ പകരുകയായിരുന്നു.
തുടക്കം മുതൽ ഫെസ്റ്റിലേക്ക് നിരവധി പേരാണ് ഒരോ ദിവസവും എത്തിച്ചേർന്നത്. ഓരോ ദിവസത്തേയും സർഗ്ഗ സായാഹ്നത്തിൽ ഡോ. സുനിൽ. പി. ഇളയിടം, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ. പി. എൻ അമൃത തുടങ്ങി കേരളത്തിലെ പ്രഗൽഭരായ പ്രദാഷകരുടെ ഒരു നീണ്ട നിര തന്നെ ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
സമൂഹത്തിൽ മാനവിക ഐക്യത്തിന് പോറലേൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യമനസുകൾ ഒന്നിച്ച് നില്ക്കേണ്ടതിൻ്റയും സാഹോദര്യവും മാനവമൈത്രിയും ഊട്ടിയുറപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞാന് ഓരോ പ്രഭാഷണവും അവസാനിച്ചത്.
പ്രദേശത്ത് വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയവർക്കുള്ള 'ഹൃദയാദരം' പരിപാടിയിലൂടെ ഒട്ടേറെ പേരാണ് നന്മണ്ടയിലെ ജനാവലിയുടെ ആദരം ഏറ്റുവാങ്ങിയത്. ഇവരുടെ അനുഭവസാക്ഷ്യങ്ങൾ നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്.
സമാപന സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം : വഴി തെറ്റുന്നത് ആർക്ക് ' എന്ന വിഷയത്തിൽ സമഗ്ര ശിക്ഷാ കേരള പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം പ്രഭാഷണം നടത്തി. സമൂഹത്തിലെ വരേണ്യ വിഭാഗക്കാർക്ക് മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം ജനാധിപത്യവല്ക്കരണത്തിലൂടെ എല്ലാവർക്കും പ്രാപ്യമാക്കിയാണ് കേരളം വികസിത രാജ്യങ്ങളോടൊപ്പം മുന്നോട്ട് കുതിച്ചത്.
ഇത് നാടിൻ്റെ സാംസ്കാരിക മുന്നേറ്റത്തിൽ ഊന്നിയ സ്വാധീനം ചെറുതല്ല. ഇന്ന് രക്ഷിതാക്കളും സമൂഹവും പുതിയ തലമുറയും തമ്മിൽ ഒരു ചെറിയ വിടവ് നിലനില്ക്കുന്നുണ്ട്. ഇതിൽ നിന്നുള്ള നിസ്സഹായതയും ഉത്ക്കണ്ഠയും ഉയർത്തുന്ന നിരാശ്രയ ബോധമാണ് മറ്റ് സംഗതികളിലേക്ക് തിരിയാൻ പുതു തലമുറയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് അംഗം അബിൻ രാജ് അധ്യക്ഷത വഹിച്ചു.. ജൈവ കാർഷിക രംഗത്തും ക്ഷീര കൃഷിയിലും ഇടപെടൽ നടത്തിയ വികാസ് ഓന്ത്രക്കണ്ടി, പഴയ കാല വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ ചീക്കാട്ട് മൊയ്തീൻകോയ എന്നിവർ ആദരം ഏറ്റുവാങ്ങി.
പഞ്ചായത്ത് അംഗങ്ങളായ ഡോ. വി. മോഹൻദാസ്, സ്മിത ഉണ്ണുലികണ്ടി, ഡോ. സി.സി. നാരായണൻ, കെ. രാജൻ മാസ്റ്റർ,, കെ.എം.ഹിദായത്തുള്ള, കെ.എം. ബൈജു, ആർ.എം. രാജൻ, കെ.പി.സുധീഷ്,, ടി. ഷൈജു എന്നിവർ സംസാരിച്ചു. എം. സതീശൻ സ്വാഗതവും എം.എൻ സതീഷ് നന്ദിയും പറഞ്ഞു.
തുടർന്ന് 'കണിക്കൊന്ന' സർഗ്ഗ സന്ധ്യ അരങ്ങേറി.ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെമ്പർ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനം നൽകി.
#Ten #creative #thought #provoking #days #nights #brilliant #conclusion #NanmandaFest