ബേപ്പൂർ : (kozhikode.truevisionnews.com) ബേപ്പൂർ സംയോജിത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ടൂർ പര്യടനം സംഘടിപ്പിച്ചു.
മാനാഞ്ചിറയിൽ നിന്നും ആരംഭിച്ച ടൂർ, കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ സിഇഒ രൂപേഷ് കുമാർ കെ ഫ്ലാഗ് ഓഫ് ചെയ്തു. സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സഞ്ചാര സംരംഭങ്ങൾ ശക്തിപ്പെടുത്താനാണ് കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ ബേപ്പൂർ സംയോജിത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ, വനിതാ ടൂർ ഓപ്പറ്റർമാർ, വ്ലോഗർമാർ തുടങ്ങിയവർ ടൂറിൻ്റെ ഭാഗമായി. കടലുണ്ടി മംഗ്രോവ് ബോട്ടിംഗ്, ഗ്രാമജീവിത അനുഭവങ്ങൾ ആസ്വദിക്കൽ, ചരിത്ര- ജലഗതാഗത ടൂറിസം, ചാലിയം, ബേപ്പൂർ ബീച്ച് സന്ദർശനം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടന്നു.
വനിതാ യാത്രക്കാർക്ക് തദ്ദേശീയ സംസ്കാരത്തെയും പരിസ്ഥിതിയെയും പ്രാദേശിക തന്മയത്വത്തോടെ കാണാനാകുന്ന അനുഭവങ്ങൾ നൽകുന്ന രീതിയിലായിരുന്നു ടൂർ ക്രമീകരിച്ചത്.
വനിതാ സഞ്ചാരികൾക്കായി പരിസ്ഥിതി സൗഹൃദവും തദ്ദേശീയ ജീവിതരീതികൾ അടിവരയിടുന്നതുമായ ടൂർ സൃഷ്ടിക്കുകയാണ് ഈ എക്സ്പീരിയൻഷ്യൽ പാക്കേജ് സന്ദർശനം കൊണ്ട് ലക്ഷ്യമിട്ടത്.
റസ്പോൺസിബിൾ ടൂറിസം മിഷൻ ജില്ല കോർഡിനേറ്റർ ശ്രീകല ലക്ഷ്മി, വനിതാ ടൂർ സംഘാംഗങ്ങൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
#Experiential #tour #organized #women #groups