കൊയിലാണ്ടി: (kozhikode.truevisionnews.com) സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി.കെ. ചന്ദ്രൻ മാസ്റ്ററെ തെരഞ്ഞെടുത്തു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിന് ഉജ്ജ്വല സമാപനം കുറിച്ചത്.
ദേശീയപാതയുടെ രണ്ടു ഭാഗത്തുമുള്ള സർവീസ് റോഡുകൾക്ക് പലയിടങ്ങളിലും വീതിയില്ലായെന്നത് നിലവിലും ഭാവിയിലും വലിയ ഗതാഗത തടസ്സത്തിന് കാരണമാകുകയാണ്.
വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയായതിനാൽ വലിയ ഗതാഗത തടസ്സമാണ് ഉണ്ടാകാൻ പോകുന്നത്. പഞ്ചായത്ത്, നഗരസഭാ റോഡുകൾക്ക് സർവീസ് റോഡുമായി കണക്ഷൻ നൽകണം.
വെങ്ങളം മുതൽ മൂരാട് വരെ വേഗതയില്ലാതെയും കാര്യക്ഷമമില്ലാതെയുമാണ് പ്രവൃത്തി നടക്കുന്നത് എന്നതിനാൽ വലിയ പൊടിശല്യവും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമാണ്.
ആവശ്യമായപല സ്ഥലങ്ങളിലും അടിപ്പാത നിർമ്മിക്കാൻ കഴിയാത്തത് പാതയുടെ രണ്ടു ഭാഗത്തെയും ജനങ്ങൾക്ക് വലിയ പ്രയാസമാണുണ്ടാക്കിയത്.
കൃത്യമായ ഒഴുക്കുചാൽ നിർമ്മിക്കാത്തതിനാൽ വലിയ വെള്ളക്കെട്ടാണ് പലയിടങ്ങളിലും. ഇതിനെല്ലാം പരിഹാരമുണ്ടാക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവൃത്തി പൂർത്തിയാക്കണം.
കാപ്പാട്, പിഷാരികാവ്, പാറപ്പള്ളി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, നെല്യാടി, നടേരി, കണയങ്കോട് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയുള്ള പുഴയോര കടലോര ടൂറിസം സർക്യൂട്ട് സ്ഥാപിക്കുക, കള്ളുചെത്തു വ്യവസായം സംരക്ഷിക്കുക, താലൂക്കാശുപത്രിയിൽ കാർഡിയോളജി, നെഫ്രോളജി അടക്കം സ്ഥാപിച്ച് ജില്ലാ നിലവാരത്തിലാക്കുക,
കൊയിലാണ്ടി ഹാർബറിൽ മറൈൻ എഞ്ചിനിയറിങ് കോളേജും മറ്റു അനുബന്ധ തൊഴിൽശാലകളും സ്ഥാപിക്കുക, തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയാരംഭിക്കുക, ചേമഞ്ചേരി സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികൾ പുനഃസ്ഥാപിക്കുക, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ മുത്താമ്പി റോഡിൽ ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക, വെളിയണ്ണൂർ ചല്ലിയിലെ പദ്ധതി പ്രവർത്തനം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ 30 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ മുഹമ്മദ്, ജില്ലാ കമ്മറ്റി അംഗം പി വിശ്വൻ, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ എന്നിവർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ചർച്ചയ്ക്കും മറുപടിക്കും ശേഷം റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു.
ആർ കെ അനിൽകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 81 വയസ് പ്രായമുള്ള മുൻ ഏരിയാ കമ്മറ്റിയംഗം പി വി മാധവനാണ് സമ്മേളനത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം.
21 കാരി ഹൃദ്യയാണ് പ്രായത്തിൽ ഏറ്റവും പിന്നിൽ. ഏരിയാ കമ്മറ്റിയംഗം കെ ടി സിജേഷ് 74 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഏസി അംഗമായ സി അശ്വനി ദേവിൻ്റെ പേരിൽ 35 കേസുകളുണ്ട്.
സിപിഐ എംഏരിയാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് പൂക്കാട് നിന്ന് കാഞ്ഞിലശേരി വരെ നടത്തിയ ചുവപ്പു സേനാ മാർച്ചും ബഹുജന റാലിയും ശ്രദ്ധേയമായി. വാസ്കോഡി ഗാമയുടെ കടന്നുവരവിലൂടെ
യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാടും ബ്രിട്ടീഷുകാരോട് പരസ്യമായി ഏറ്റുമുട്ടാനായി ചേമഞ്ചേരി റജിസ്ട്രാപ്പീസും റെയിൽവേ സ്റേറഷനും തീയിട്ട ഗ്രാമത്തിൻ്റെ പോരാട്ട വീറും ചേർന്ന മണ്ണിൽ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ അജയ്യത വിളിച്ചോതുന്നതായിരുന്നു പടുകൂറ്റൻ റാലി.
രണ്ടു ദിവസങ്ങളിലായി പൂക്കാട് പി വി സത്യനാഥൻ നഗറിൽ നടന്ന സിപിഐ എം ഏരിയാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചുകൊണ്ടാണ് പൂക്കാട് ടൗണു മുതൽ കാഞ്ഞിലശേരി വരെ അത്യുജ്വല റാലിയും റെഡ് വളണ്ടിയർ മാർച്ചും നടന്നത്.
പൂക്കാട് കേന്ദ്രീകരിച്ച് ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ചുവപ്പു വളണ്ടിയർമാരും സമ്മേളന പ്രതിനിധികളും നേതൃത്വം നൽകിയ പൊതു പ്രകടനം കാഞ്ഞിലശേരി നായനാർ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചു.
പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് പ്രൊഫ കെ എ രാജ് മോഹൻ്റെ നേതൃത്വത്തിൽ മധുര ഗീതങ്ങൾ അരങ്ങേറി.
കൊയിലാണ്ടി സിപിഐ എം 24-ാമത് പാർടി കോൺഗ്രസിന് മുന്നോടിയായി നടന്ന കൊയിലാണ്ടി ഏരിയാ സമ്മേളനം സമാപിച്ചു. പി വി സത്യനാഥൻ നഗറിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനം ടി കെ ചന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
21 അംഗ ഏരിയാ കമ്മറ്റിയേയും തെരഞ്ഞെടുത്തു.എ എം സുഗതൻ, സി അശ്വനി ദേവ്, പി ബാബുരാജ്, കെ ഷിജു, എൽ ജി ലിജീഷ്, കെ സത്യൻ, കെ രവീന്ദ്രൻ, പി കെ ബാബു, പി സി സതീഷ് ചന്ദ്രൻ, കെ ടി സിജേഷ്, എ സി ബാലകൃഷ്ണൻ, എം നൗഫൽ, ബിപി ബബീഷ്, അനിൽ പറമ്പത്ത്, എൻ കെ ഭാസ്ക്കരൻ, വി എം ഉണ്ണി, പി വി അനുഷ, ആർ കെ അനിൽകുമാർ, പി സത്യൻ, ഷീബ മലയിൽഎന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.
#CPI(M) #kotilandyareasecretary #TKChandran #chose