കോഴിക്കോട്: (kozhikode.truevisionnews.com) നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിൽ വ്യായാമത്തിന് സൗകര്യമൊരുങ്ങുന്നു. മാനാഞ്ചിറയിലും സൗത്ത് ബീച്ചിലുമെല്ലാമുള്ള വിധത്തിലാണ് 25ഓളം ഇടങ്ങളിൽക്കൂടി വ്യായാമത്തിന് സൗകര്യമൊരുങ്ങുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം ഉപകരണങ്ങൾ സ്ഥാപിക്കുന്നത് തുടങ്ങാനാവുമെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി പറഞ്ഞു.
ഇതിനായുള്ള 50 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞ വർഷം ടെൻഡർ ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കാരണം നിന്നുപോവുകയായിരുന്നു. സ്പിൽ ഓവറായി പദ്ധതി തുടരാൻ കഴിഞ്ഞ ചൊവ്വാഴ്ച ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി.
ഇതിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയാവുന്നതോടെ ഈ മാസം തന്നെ നിർമാണം തുടങ്ങാമെന്നാണ് കരുതുന്നത്. പാർക്കിലും ഹാളിലും സ്കൂളിലുമൊക്കെ നഗരവാസികൾക്ക് ഫിറ്റ്നസ് വ്യായാമം ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങൾ, പാർക്കുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഫിറ്റ്നസ് സെന്റർ ആരംഭിക്കും. പത്തെണ്ണം സ്കൂളുകളിലും മറ്റുള്ളവ പാർക്കിലും പൊതുസ്ഥലങ്ങളിലുമാണ് പണിയുക.
സ്ട്രച്ചിങ് വീൽ, ഹാൻഡ് പുള്ളർ, ലാറ്റ് പുൾ ഡൗൺ, ചെസ്റ്റ് പ്രസ് തുടങ്ങിയ ഉപകരണങ്ങളാണ് മുഖ്യമായുണ്ടാവുക. എക്സൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനാണ് നിർമാണച്ചുമതല.
നിർമാണത്തിന് കോർപറേഷൻ കൗൺസിൽ യോഗം നേരത്തേ അംഗീകാരം നൽകിയതാണ്. പുതിയാപ്പ, ചാലപ്പുറം, പയ്യാനക്കൽ, നല്ലളം, പറയഞ്ചേരി, ചെറുവണ്ണൂർ, നടുവട്ടം തുടങ്ങിയവ വ്യായാമത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്ന വിദ്യാലയങ്ങളുടെ പട്ടികയിലുണ്ട്.
ആനക്കുളം സാംസ്കാരിക നിലയം, കോവൂർ കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
എരഞ്ഞിപ്പാലത്തെയും പൂളക്കടവിലെയും തടമ്പാട്ടുതാഴത്തെയും കരുവിശ്ശേരിയിലെയും പാർക്കുകളിലും ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാമെന്നാണ് കരുതുന്നത്.
#Exercisesystem #prepared #more #parks #schools #Kozhikode #city