ബേപ്പൂർ: (kozhikode.truevisionnews.com) ഇവരുടെ ജീവിത വഴികളിൽ നിറയെ പൂക്കൾ വിരിയുകയാണ്. അക്ഷരാർത്ഥത്തിൽ കര വിസ്മയം തീർക്കുകയാണ് ഹോപ്‌ഷോറിലെ അമ്മമാർ.
ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിലെ ഹോപ്‌ഷോറിന്റെ സ്റ്റാളിലെ മനംമയക്കുന്ന പൂക്കൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്. കൂട്ടായ്മയുടെ കരവിരുതിൽ വിരിഞ്ഞ ഈ പൂക്കൾ കാണാനും വാങ്ങാനുമായി നിരവധി പേരാണ് ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിലുള്ള ഈ സ്റ്റാളിൽ എത്തുന്നത്.
ഭിന്നശേഷികുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ആരംഭിച്ച കടലുണ്ടിയിലെ വൊക്കേഷണൽ ട്രെയ്നിങ് സെന്ററായ ഹോപ്‌ഷോറിലെ അമ്മമാരാണ് ഈ പൂക്കളെല്ലാം നിർമ്മിച്ചിരിക്കുന്നത്. പൂക്കൾ കവുങ്ങിൻ പാള കൊണ്ടും അടയ്ക്ക കൊണ്ടും സോളാ വുഡും പുല്ലുകൊണ്ടുമൊക്കെ നിർമ്മിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ ആർക്കും മനസ്സിലാവില്ല.
പാളപ്പൂക്കൾ, അടക്കാപ്പൂക്കൾ, ചോളപ്പൂക്കൾ, പുല്ല്, വിത്ത്, പനയോല, മരത്തിൻ തൊലി എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ഹോപ്‌ഷോറിന്റെ സ്റ്റാളിൽ നിന്നും വാങ്ങാം. 20 രൂപ മുതലുള്ള പൂവുകൾ സ്റ്റാളിൽ നിന്ന് ലഭിക്കും.
കവുങ്ങിൻ പാള, അടയ്ക്കാ തോട്, ചോളം എന്നിവകൊണ്ട് പൂക്കളും പുല്ല്, വിത്ത്, എന്നിവ ഉപയോഗിച്ച് പൂചെണ്ടും ഉണ്ടാക്കും. നെല്ല്, മുള എന്നിവ ഉപയോഗിച്ചും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നുണ്ട്.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 30 വരെ എല്ലാ ദിവസവും ഉച്ച രണ്ട് മുതല്‍ 10 വരെയാണ് ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ്. മേളയില്‍ വിവിധ സംരംഭകരുടെ 50 ലധികം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.
#Mothers #Hopshore #finish #land #wonder