കോഴിക്കോട്: (kozhikode.truevisionnews.com) ജനകീയ പ്രശ്നങ്ങളോട് സംവദിച്ചും പരാതികൾ സ്വീകരിച്ചും ചരിത്ര മണ്ണിലൂടെ നവകേരള സദസിന്റെ ജൈത്ര യാത്ര.
ഇന്നലെ രാവിലെ വടകരയിൽ പൗര പ്രമുഖരുമായുള്ള കൂടികാഴ്ചയോടെയായിരുന്നു തുടക്കം. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നതിനൊപ്പം പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
നവകേരള സദസിലേക്ക് സംഭാവന ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളെ ഭീഷണിപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ജനാധിപത്യ കേരളത്തിന് അപവാദമാണെന്ന് മുഖ്യമന്ത്രി വടകരയിൽ പറഞ്ഞു. നാദാപുരം കല്ലാച്ചിയിലായിരുന്നു പര്യടനത്തിന്റെ തുടക്കം.
പതിനായിരങ്ങൾ നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകളും കടത്തനാടൻ ശൈലി വിളിച്ചോതുന്ന കളരിയുൾപ്പെടുത്തിയ മൊമെന്റോയും നൽകി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് നിവേദനം നൽകാൻ കല്ലാച്ചി മാരാം വീട്ടിൽ ഗ്രൗണ്ടിൽ രാവിലെ ഏഴ് മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി എത്തിയിരുന്നു. ഒൻപത് മണിയോടെ ജനങ്ങളെ ഉൾക്കൊളളാനാവാതെ ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞു.
കല്ലാച്ചിയുടെ സമീപ പ്രദേശമായ ചേലക്കാട് മുതൽ ആളുകൾ നടന്നായിരുന്നു വേദിയിലേക്ക് എത്തിയത്. കല്ലാച്ചി ടൗൺ മുതൽ നാദാപുരം ടൗൺ വരെ റോഡിനിരുവശത്തും കെട്ടിടങ്ങൾക്ക് മുകളിലും പരിപാടി വീക്ഷിക്കാനായി ആളുകൾ ഇടം പിടിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിന് മുമ്പായി രാവിലെ 8.30 ന് കലാപരിപാടികൾ ആരംഭിച്ചു. ഫ്ളവേഴ്സ് ടോപ് സിംഗർ ഫെയിം കൗശിക്കിന്റെ നേതൃത്വത്തിലുള്ള ഗാന സദസാണ് വേദിയിൽ അരങ്ങേറിയത്. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ നടന്ന നാദാപുരം നിയോജക മണ്ഡലം നവകേരള സദസിന്റെ ഭാഗമായി സജ്ജീകരിച്ച കൗണ്ടറുകളിൽ സ്വീകരിച്ചത് 3985 നിവേദനങ്ങൾ. കുറ്റ്യാടി മണ്ഡലത്തിലെ 3969 പരാതികളും സ്വീകരിച്ചു.
രാവിലെ ഏഴ് മണി മുതൽ തന്നെ കൗണ്ടറുകളിൽ ജനങ്ങളെത്തി തുടങ്ങിയിരുന്നു. 20 കൗണ്ടറുകളാണ് വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് നിവേദനം നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി പോർട്ടലിലൂടെ നൽകും.
പേരാമ്പ്രയിൽ നടന്ന നവകേരള സദസിലും പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്. പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിൽ 4316 പരാതികൾ എത്തി. കുറ്റ്യാടി മണ്ഡലത്തിലെ പരിപാടി മേമുണ്ടയിലായിരുന്നു. മണ്ഡലത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ജനം അവിടേക്ക് ഒഴുകിയെത്തി. വടകരയിൽ സമാപനം ആറുമണിക്കായിരുന്നു നിശ്ചയിച്ചതെങ്കിലും തുടങ്ങാൻ ഏഴുമണി കഴിഞ്ഞു.
സദസിൽ സജ്ജീകരിച്ച കസേരകൾക്കും താത്കാലിക സംവിധാനങ്ങൾക്കും അപ്പുറത്തേക്ക് ജനം ഒഴുകിയെത്തിയത് ചരിത്രമാകും. ജനനായകരെ കാണാനും കേൾക്കാനും ജനം തിങ്ങിനിറഞ്ഞു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വേദിയിലേക്ക് വരവേറ്റത്.വടകരയിൽ 2700 പരതികളെത്തി.
ജില്ലയിൽ നവംബർ 26 വരെ നവകേരള സദസ് തുടരും. ഇന്ന് രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലത്തുള്ള ഹോട്ടൽ ട്രിപ്പന്റയിൽ പ്രഭാത സദസ് നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു ശേഷം രാവിലെ 11 മണിക്ക് നവകേരള സദസ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിക്കും.
വൈകിട്ട് 3 മണിക്ക് ബാലുശ്ശേരി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലും വൈകിട്ട് 4.30ന് എലത്തൂർ നന്മണ്ട എച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകിട്ട് 6 മണിക്ക് ഫ്രീഡം സ്ക്വയറിലും നവകേരള സദസ് നടക്കും.
ജനങ്ങളോട് സംവദിച്ച് മന്ത്രിമാർ
അഹമ്മദ് ദേവർകോവിൽ
നാദാപുരം: സമാനതകളില്ലാത്ത വികസന വിപ്ലവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുന്നതെന്ന് തുറമുഖ, മ്യൂസിയം, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ നാദാപുരം മണ്ഡലം നവകേരള സദസിൽ പറഞ്ഞു. ഇന്ത്യയുടെയും കേരളത്തിന്റെയും പ്രതീക്ഷയായി മാറിയ വിഴിഞ്ഞം തുറമുഖം പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞത്തിന് ഓണസമ്മാനമായി ആദ്യ കപ്പൽ എത്തിക്കാൻ മാത്രമല്ല രണ്ടാമത്തെ കപ്പലും എത്തിച്ചേർന്നുവെന്ന് മന്ത്രി പറഞ്ഞു.
വി. അബ്ദുറഹിമാൻ
കുറ്റ്യാടി: കേരളത്തിൽ ഭരണം നടത്തുന്ന സർക്കാറിനുള്ള പിന്തുണയാണ് ഓരോ നവ കേരള സദസിലും അണി നിരക്കുന്ന ജനസഞ്ചയമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ കുറ്റ്യാടിയിൽ പറഞ്ഞു. 2024 - 25 നുള്ളിൽ കേരളത്തിൽ കൊണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള തീരുമാനമെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്. നവകേരള സദസിൽ ലഭിക്കുന്ന നിവേദനങ്ങൾക്ക് കൃത്യമായി തീർപ്പ് കൽപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
കെ. രാജൻ
നാദാപുരം: 2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളം ഒരു അതിദരിദ്ര കുടുംബങ്ങളുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ രാജൻ നാദാപുരത്ത് പറഞ്ഞു.ഓഖിയും പ്രളയവും കൊവിഡും നിപ്പയുമുൾപ്പടെയുണ്ടായിട്ടും മലയാളികളെ പിച്ചയെടുക്കാൻ പറഞ്ഞുവിടാതെ കരകയറ്റിയ ഭരണകൂടമിതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തിന് നൽകാനുള്ള പണം നൽകിയാൽ കേരളത്തിൽ ഒരു സാമ്പത്തിക പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. രാധാകൃഷ്ണൻ
കുറ്റ്യാടി: പട്ടിണി മാറ്റുന്നതും വികസന നേട്ടമാണെന്ന് പട്ടികജാതി പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ കുറ്റ്യാടിയിൽ പറഞ്ഞു. സർക്കാർ രണ്ടാമത് അധികാരമേറ്റ ആദ്യ മന്ത്രിസഭ യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്ന് കേരളത്തിലെ അതിദരിദ്ര വിഭാഗങ്ങളെ കണ്ടെത്തുക എന്നതായിരുന്നു. ആ ഒരൊറ്റ തീരുമാനം മതി ഈ സർക്കാരിന്റെ കാഴ്ചപ്പാട് എന്താണെന്ന് ബോധ്യപ്പെടാൻ . നമ്മുടെ സമൂഹം ഒട്ടേറെ മുന്നേറിയെങ്കിലും ചില വിഭാഗം ഇന്നും ദാരിദ്രത്തിലും പട്ടിണിയിലും കഴിയുകയാണ്. അവരെക്കൂടി കൈപ്പിടിച്ച് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജെ. ചിഞ്ചു റാണി
പേരാമ്പ്ര: 2025ഓടെ പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി. രാജ്യത്ത് പാലുത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തെ ഒന്നാമാതാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് പേരാമ്പ്രയിൽ മന്ത്രി പറഞ്ഞു.ക്ഷീര കർഷകർക്ക് അത്യാവശ്യ സബ്സിഡികൾ, പലിശ രഹിത വായ്പകൾ, മറ്റു സഹായങ്ങൾ എന്നിവ നൽകും. നിലവിൽ സംസ്ഥാനത്ത് 29 ബ്ലോക്കുകളിൽ ഡോക്ടമാരുടെ സേവനം ഉൾപ്പെടെയുള്ള ആംബുലൻസ് വാഹനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു.
പി.എ. മുഹമ്മദ് റിയാസ്
വടകര: ദേശീയപാത 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വടകരയിൽ പറഞ്ഞു. വടകരയിൽ മാത്രം തീരദേശ പാത വികസനത്തിനായി 281 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. വടകര മാഹി ബൈപ്പാസ് പ്രവൃത്തി പൂർത്തിയാവുന്നതോടെ വടകര മുതൽ തലശ്ശേരി വരെ എത്താൻ 15 മിനുറ്റിൽ സാധിക്കും. 27 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് വടകര മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നടത്തിയത്. 43.31 കോടിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും നടന്നു.
റോഷി അഗസ്റ്റിൽ
പേരാമ്പ്ര: സംസ്ഥാനത്ത് ജൽജീവൻ പദ്ധതിയിലൂടെ 70 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പേരാമ്പ്രയിൽ പറഞ്ഞു. കോളേജുകളെയും സർവകലാശാലകളെയും ഏറ്റവും മികവുള്ളതാക്കി മാറ്റാൻ സർക്കാർ എടുത്ത തീരുമാനത്തിന്റെ പ്രതിഫലനമാണ് വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സംസ്ഥാനത്തേക്ക് എത്തുന്നത്.
#Victory #journey #NavakeralaSadas #through #historical #soil #Kozhikode