കോഴിക്കോട്: (kozhikode.truevisionnews.com) പുറ്റെക്കാട് നടുവത്തുകുഴി മേഖലയിൽ 9 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം നല്ലൂരങ്ങാടിയിൽ ടിപ്പർ ലോറിയിടിച്ചു ചത്ത നായയെ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധയുണ്ടെന്നു കണ്ടെത്തിയത്.
ഇതോടെ കടിയേറ്റവരോട് നിരീക്ഷണം, തുടർ ചികിത്സയും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. 5 ഡോസ് പ്രതിരോധ വാക്സീൻ എടുക്കുന്നതിനു താലൂക്ക് ആശുപത്രിയിൽ സൗകര്യമൊരുക്കി.
ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയിൽ വളർത്തു മൃഗങ്ങളെയും മറ്റു ജീവികളെയും നിരീക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം തിങ്കൾ രാത്രി പുറ്റെക്കാട് വാലത്തിൽ പറമ്പ് പ്രദേശത്തെ 5 പേരെ കടിച്ച നായ ഇതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
എന്നാൽ ഇവരോടും പൂർണ ഡോസ് പ്രതിരോധ വാക്സീൻ എടുക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭ ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേർന്നു.
കടിയേറ്റവർക്ക് ഓൺലൈനിൽ പ്രത്യേക ബോധവൽക്കരണം നൽകി.പ്രതിരോധ കുത്തിവയ്പിന് ആശുപത്രിയിലേക്ക് പോകാൻ വാഹന സൗകര്യം ഏർപ്പെടുത്താനും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.നിഷാദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ബൽക്കീസ്, ഇ.കെ.താഹിറ, കെ.പി.സുലൈഖ, കൗൺസിലർമാരായ പി.എൽ.ബിന്ദു, സി.പ്രതീഷൻ, പി.ബിജീഷ്, കെ.അൻഫാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി.വി.ആശ, വെറ്ററിനറി സർജൻ ഡോ.സംഗീത നായർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി.ജാഫർ, സി.എ.ഷംസുദ്ദീൻ, ജെഎച്ച്ഐമാർ, ആശ വർക്കമാർ എന്നിവർ പങ്കെടുത്തു.
#StrayDog #Bit #People #Naduvathukuzhi #Area #Confirmed #Rabies