കോഴിക്കോട്: (kozhikode.truevisionnews.com) നാദാപുരം നിയോജക മണ്ഡലത്തിൽ സർക്കാർ മേഖലയിലുള്ള ഏക വ്യവസായ കേന്ദ്രമായ ചെക്യാട് പൂങ്കുളം മുള ഫാക്ടറി അടച്ചു പൂട്ടിയിട്ട് 8 മാസം പിന്നിട്ടു.
ബാംബു കോർപറേഷനു കീഴിൽ തുടങ്ങിയ ഫാക്ടറിയിലെ പല തൊഴിലാളികളും ഇപ്പോൾ തൊഴിലുറപ്പ് ജോലിക്കും മറ്റും പോകുകയാണ്.
ലക്ഷക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. ഭീമമായ തുക കുടിശ്ശിക ഉള്ളതിനാൽ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു.
മുള ലഭ്യമല്ലെന്ന കാരണം പറഞ്ഞാണ് ഫാക്ടറി പൂട്ടിയത്. തറയിൽ വിരിക്കുന്നതിനുള്ള ടൈലുകൾക്കും ചന്ദനത്തിരിക്കുമുള്ള സ്റ്റിക്കുകളാണ് ഇവിടെ നിർമിച്ചിരുന്നത്. ഇപ്പോൾ ഉൽപാദനമില്ല.
വനഭൂമിയിൽ നിന്നും മറ്റുമായിരുന്നു മുള ശേഖരിച്ചിരുന്നത്.
ബിനോയ് വിശ്വം വനം മന്ത്രിയും എളമരം കരീം വ്യവസായ മന്ത്രിയുമായിരുന്ന ഘട്ടത്തിലാണ് ഫാക്ടറി തുടങ്ങിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശത്തെ ഈ ഫാക്ടറിയിൽ പത്തോളം പേരാണ് ജോലിക്കാരായി ഉണ്ടായിരുന്നത്.
ഇവരെല്ലാം താൽക്കാലിക ജോലിക്കാരായിരുന്നതിനാൽ ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
#PoonkulamBambooFactory #Closed #Months #Workers #distress