കോഴിക്കോട്: (kozhikode.truevisionnews.com) റോഡരികിലുള്ള വയൽ പ്രദേശത്ത് ടിപ്പർലോറി നിറയെ മാലിന്യമെത്തിച്ച് തള്ളിയതിന് 50,000 രൂപ പിഴ ചുമത്തി പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത്.
വെള്ളിപ്പറമ്പ് സ്വദേശിക്കാണ് പിഴചുമത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് പെരുമണ്ണ-മുണ്ടുപാലം റോഡിൽ പനച്ചിങ്ങൽ പള്ളിക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ വയലിൽ ടിപ്പർലോറി നിറയെ പുറത്തുനിന്നെത്തിച്ച പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ തള്ളിയത്.
ഞായറാഴ്ച രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്ഥലമുടമയും നാട്ടുകാരും നടത്തിയ പരിശോധനയിൽ വെള്ളിപ്പറമ്പ് കീഴ്‌മാടുള്ള സ്വകാര്യ ഫ്ളാറ്റിലേതാണ് മാലിന്യങ്ങളെന്ന് മനസ്സിലാവുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി. വിൻസിയും സ്ഥലത്തെത്തി. ഫ്ളാറ്റിലെത്തിയുള്ള അന്വേഷണത്തിലാണ് മാലിന്യം നീക്കാനായി കരാർ ഏറ്റെടുത്തയാളെ തിരിച്ചറിയുന്നത്.
തുടർന്ന്, പന്തീരാങ്കാവ് പോലീസിന്റെ സഹായത്തോടെ അയാളെ വിളിച്ചുവരുത്തി മാലിന്യം നീക്കംചെയ്യിപ്പിക്കുകയും ഗ്രാമപ്പഞ്ചായത്തിന്റെ നിർദേശപ്രകാരം മാലിന്യമടങ്ങിയ ലോറി പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അർധരാത്രിയോടെ ലോറിയിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ റോഡരികിൽനിന്ന് വയലിലേക്ക് തട്ടുകയായിരുന്നുവെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എൽ.എൻ. ഷിജു പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരേയും ശുചിത്വസംവിധാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറിപറഞ്ഞു.
#Perumanna #GramaPanchayat #Imposes #Fine #Private #Man #Dumping #Garbage #Roadside