കോഴിക്കോട്: (kozhikode.truevisionnews.com) യു.ഡി.എഫ് ഭരിക്കുന്ന മുക്കം സര്‍വിസ് സഹകരണ ബാങ്കിലെ നിയമനങ്ങളില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നടത്തിയ പതിനാറ് നിയമനങ്ങളിലെ ക്രമക്കേടുകളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സാമ്പത്തിക നേട്ടത്തിനും ബന്ധുക്കള്‍ക്ക് വേണ്ടിയും മൂന്ന് ഭരണസമിതിയംഗങ്ങള്‍ ഗൂഢാലോചന നടത്തി നിയമപരമല്ലാതെയും ചട്ടവിരുദ്ധമായും നിയമന നടപടികളില്‍ കൃത്രിമം കാണിച്ചുമാണ് നിയമനങ്ങള്‍ നനത്തിയതെന്നും പതിനഞ്ചു മുതല്‍ ഇരുപത് ലക്ഷം വരെ കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്നുമുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ ഡയറക്ടറുമായ എന്‍.പി ഷംസുദ്ദീന്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രസിഡന്റായിരുന്ന ടി.കെ ഷറഫുദ്ധീന്‍, ഡയറക്ടര്‍മാരായ ഒ.കെ ബൈജു, എ.എം അബ്ദുല്ല എന്നിവരെ പ്രതിചേര്‍ത്തുകൊണ്ടാണ് വിജിലന്‍സ് കോടതി കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പില്‍ ഡിസിസി നേതൃത്വത്തിനും പങ്കുണ്ടന്നും എന്‍.പി ശംസുദ്ധീന്‍ പറഞ്ഞു.
എ ക്ലാസ് മെംബര്‍മാരും ഉദ്യോഗാര്‍ഥികളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ നിയമനങ്ങളിലെ ക്രമക്കേടുകളില്‍ അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി ഭരണസമിതിയ ജൂലായ് 19ന് പിരിച്ചുവിടുകയും സീനിയര്‍ ഇന്‍സ്പെക്ടര്‍ ടി. ഷൗക്കത്തിനെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയും ചെയ്തിരുന്നു.
പിരിച്ചുവിട്ട ഉത്തരവിനെതിരെ ഡയറക്ടര്‍മാര്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ബാങ്കിന് ഉണ്ടായിട്ടുള്ള നഷ്ടം ഉത്തരവാദികളില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നടപടികള്‍ തുടരാനും രജിസ്ട്രാറുടെ പിരിച്ചുവിട്ട ഉത്തരവ് ശരിവെച്ചു കൊണ്ടുമാണ് ഹൈക്കോടതിയില്‍ നിന്ന് വിധി ഉണ്ടായിട്ടുള്ളത്.
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമറിയിക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചെങ്കിലും തീരുമാനങ്ങള്‍ പാലിക്കാന്‍ ബോര്‍ഡിലെ അംഗങ്ങള്‍ തയാറായില്ല.
കോര്‍ കമ്മിറ്റി തീരുമാനവും കോടതി ഉത്തരവുകളും ലംഘിച്ച് ബാങ്കിന്റെ താല്‍ര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കൈകൊള്ളുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന ഷംസുദ്ദീന്‍ കഴിഞ്ഞ വര്‍ഷം ഡയറക്ടര്‍ സ്ഥാനം രാജിവെക്കുകയും പ്രതസമ്മേളനം നടത്തി അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
ബാങ്കിനെതിരെ എന്‍.പി ശംസുദ്ധീന്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്ന് മുന്‍ ഡയറക്ടര്‍ ഒ.കെ ബൈജു പറഞ്ഞു.
ആരോപണം അടിസ്ഥാന രഹിതം; ഒ.കെ ബൈജു നിരവധി തവണ ബാങ്ക് പ്രസിഡന്റാവാന്‍ ശംസുദ്ധീന്‍ ശ്രമം നടത്തിയെങ്കിലും നടക്കാത്ത സാഹചര്യതലാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നും അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്നും ഒ.കെ ബൈജു കൂട്ടിച്ചേർത്തു.
#Appointment #irregularity #MukkamCooperativeBank #VigilanceCourt #ordered #investigation