കോഴിക്കോട് : (kozhikode.truevisionnews.com) ചലച്ചിത്ര നിർമാതാവും മാതൃഭൂമി മുഴുവൻസമയ ഡയറക്‌ടറുമായിരുന്ന പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ഗംഗാതരംഗം ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട്ട് തുടക്കം.
വെള്ളിമാടുന്ന് ജെൻഡർ പാർക്കിൽ സംവിധായകൻ സിബി മലയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.വി ചന്ദ്രൻ, ഷെറിൻ ഗംഗാധരൻ, ഷെർഗ , ഷെഗ്ന, ഷെനുഗ, അഡ്വക്കേറ്റ് ഷഹീർ സിങ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു, മലയാളം കണ്ട ഏറ്റവും നല്ല നിർമാതാക്കളിൽ ഒരാളായിരുന്നു പി.വി. ഗംഗാധരൻ.
സംവിധായകന് പൂർണസ്വാതന്ത്ര്യം തരുന്ന നിർമാതാവ് ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരമാണ് ഈ ശിൽപശാലയെന്ന് സിബി മലയിൽ പറഞ്ഞു.
ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും മലയാള സിനിമയ്ക്ക് നല്ല സംഭാവനകൾ നൽകാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ദ്വിദിന ക്യാമ്പ് നടത്തുന്നത്. സംവിധായകൻ ജിയോ ബേബി ഡയറക്ടറായ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട മുപ്പത് പേരാണ് പങ്കെടുക്കുന്നത്.
പോൾസൺ സ്കറിയ, തരുൺ മൂർത്തി, സത്യൻ അന്തിക്കാട്, ആദർശ്, വിധു വിൻസെന്റ്, സഞ്ജയ്, പി.വി ഷാജി കുമാർ എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.
ക്യാമ്പംഗങ്ങൾ നിർമിക്കുന്ന മികച്ച മൈക്രോ മൂവിക്കുള്ള പുരസ്കാരം മന്ത്രി സമ്മാനിക്കും. പിവിജിയുടെ സ്മരണയ്ക്കായി കോഴിക്കോട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനാണ് തീരുമാനം. അതിന്റെ തുടക്കമെന്ന നിലയിലാണ് ചലച്ചിത്ര ശിൽപശാല.
#Filmworkshop #organized #memory #PVGangadharan #begins#Kozhikode