Jul 19, 2024 11:05 PM

കോഴിക്കോട്: (newskozhikode.in) കോഴിക്കോട് കാപ്പാട് ബീച്ചില്‍ നാളെ മുതൽ മൂന്ന് ദിവസം പ്രവേശനമില്ല. കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കിൽ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.

ഇത് മൂലം പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനാൽ ജൂലൈ 20 മുതൽ മൂന്ന് ദിവസം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡിടിപിസി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം സാധാരണ പോലെയാണ്.

പകര്‍ച്ചപ്പനി മൂലം അവയില്‍ വര്‍ധനവുണ്ടായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീല്‍ഡ് സന്ദര്‍ശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

മഴക്കാലത്ത് പൊതുവേ ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ കൂടുതലായി കാണാറുണ്ട്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും.

അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ല. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

#heavyrain #damage #Kappadbeach #closed #three #days #tomorrow

Next TV

Top Stories