കോഴിക്കോട് : (newskozhikode.in) തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫും ബിജെപിയും പരാതി നൽകിയതിനെ തുടർന്ന് വിഷു - റംസാൻ ചന്തകൾ വിലക്കിയതിനെതിരെ കൺസ്യൂമർഫെഡ് ജീവനക്കാർ പ്രതിഷേധിച്ചു.
ഉത്സവകാലങ്ങളിൽ വിലക്കയറ്റത്തിൽ നിന്നും ആശ്വാസം പകരുന്നതിനായി കാലാകാലങ്ങളായി കൺസ്യൂമർഫെഡ് നടത്തിവരുന്നതാണ് വിഷു - റംസാൻ ചന്ത.
ആഘോഷത്തിന് മുൻ കാലങ്ങളിലെ പോലെ നേരത്തേയുള്ള തീരുമാനമനുസരിച്ച് സർക്കാർ സബ്സിഡിക്കായി നീക്കിവെച്ചതുക ഉപയോഗിച്ച് 280 ചന്തകൾ തുടങ്ങുന്നതിന് ലോക്സഭ ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ അനുമതിക്കായി ഇലക്ഷൻ കമ്മീഷന് കത്തയച്ചു.
എന്നാൽ കേരളത്തിലെ കോൺഗ്രസും ബിജെപിയും ഈ വിപണിക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിലക്ക് വന്നിരിക്കയാണ്.
എല്ലാ കാലത്തും കോവിഡ് ഉൾപ്പെടെ പ്രളയമുൾപ്പെടെ ജനജീവിതത്തെ സാരമായി ബാധിച്ച ഘട്ടത്തിൽ സർക്കാരും കൺസ്യൂമർഫെഡും നടപ്പിലാക്കായിരുന്ന എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും തുരങ്കം വെക്കുന്ന സമീപനമാണ് ഇവർ സ്വീകരിച്ചുവന്നതെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന നുണപ്രചാരണമാണ് ഇക്കൂട്ടർ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് ഈ കാര്യം ബോധ്യമുള്ളതുമാണ് എന്നാൽ പ്രതിപക്ഷ പ്രതിലോമശക്തികളുടെ ജനവിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി ജനങ്ങളുടെ മേൽ കടുത്ത ഭാരം അടിച്ചേൽപ്പിക്കുന്ന നിലപാടാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്.
ഇത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം നിലപാടുകൾ തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും പ്രതിഷേധ പരിപാടിയിൽ നേതാക്കൾ ഓർമ്മിപ്പിച്ചു.
സംസ്ഥാന വ്യാപകമായി യൂണിയൻ ശക്തമായ പ്രധിഷേധപരിപാടികൾക്ക് നേതൃത്യം നൽകി.
കോഴിക്കോട് മുതലക്കുളം റീജിയണൽ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിഐടിയു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈ പ്രസി ഷെറിൻ വി സി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സുധീർദാസ്, കെ കെ ഷൈജി, ജില്ലാ കമ്മിറ്റി ട്രഷറർ പി വി. പ്രമോദ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ വി ഗിരീഷ് അധ്യക്ഷം വഹിച്ചു, യൂണിയൻ ജില്ലാ ആക്ടിംഗ് സെക്രട്ടറി ജെനിൽകുമാർ സി പി സ്വാഗതം പറഞ്ഞു.
#Ban #ConsumerFed #Market; #employees #protested