കോഴിക്കോട്: (kozhikode.truevisionnews.com) 'സാംസ്‌കാരിക വിനിമയത്തിലൂടെ ലോക സമാധാനം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ഒമ്പതാമത് ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് 'റാവിസ് കടവില്‍' തുടക്കമായി.
സങ്കുചിത രാഷ്ട്രീയ ബോധം പശ്ചിമേഷ്യയിലുൾപ്പെടെ സംഘർഷാത്മകമായ അന്തരീക്ഷം വിതയ്ക്കുമ്പോൾ കലകളുടെയും സംസ്കാരങ്ങളുടെയും വിനിമയത്തിലൂടെ മനുഷ്യ മനസുകളെ ഒന്നായി നിർത്താൻ സാധിക്കുമെന്ന് ഐസിസിഎന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ റമന്‍ ബ്ലാസ്‌കോ നച്ചര്‍ അഭിപ്രായപ്പെട്ടു.
ലോക സമാധാനത്തിന് കലാകാരന്മാർക്ക് വലിയ പങ്കുണ്ട്. സർഗ കലകളും പാരമ്പര്യ കലകളും മനുഷ്യമനസ്സിലെ വേർതിരിവുകൾ മായ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐസിസിഎൻ ഒമ്പതാം ജനറൽ അസംബ്ലിയുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പത്മശ്രീ ജേതാക്കളായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കെ.കെ. മുഹമ്മദ്, മീനാക്ഷി ഗുരുക്കള്‍, കെ.കെ രാമചന്ദ്ര പുലവര്‍, എസ്.ആര്‍.ഡി പ്രസാദ് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡന്റ് പി.വി രാജഗോപാല്‍, വിശിഷ്ടാതിഥിയായിരുന്നു.
സ്പെയിൻ അൽഗമസി മേയർ ജോസ് ജാവർ ബ്രിട്ടാൻസിന്റെ ഔദ്യോഗിക പ്രഭാഷണത്തിലൂടെയാണ് 9-ാമത് ജനറൽ അസംബ്ലിക്ക് ആരംഭം കുറിച്ചത്. കലിംഗ സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. അമരേശ്വർ ഗല്ല, ഐ ഒ വി അന്താരാഷ്ട്ര പ്രസിഡന്റ് അലി ഖലീഫ, റിപ്പബ്ലിക് ഓഫ് കൊറിയ കള്‍ച്ചര്‍ മാസ്റ്റേഴ്‌സ് സിഇഒ ഡോ. സിയോങ് യോങ് പാര്‍ക്ക്, ബ്രസീലിയൻ പ്രതിനിധിയും നൃത്ത കലാകാരിയുമായ കാമില ലീല്‍ റോസ, ബോഡ്സ്വാന മേയർ മെറാർക്കി കുഗ്മാസ്റ്റോ, സ്ലോവാക്യ വൊഡാവ്സെ മേയർ അല്‍സ്‌ബെറ്റ ടുക്കോവ, ശ്രീലങ്കയിലെ ഗല്ല മേയർ മെത്സിരി അലക്സാണ്ടര്‍ ഡി സില്‍വ, ഡോർഫ് കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സന്തോഷ് ജഗ്ദാനെ എന്നിവർ ആശംസാ പ്രഭാഷണം നടത്തി.
സ്പെയിൻ വലൻസിയ മ്യൂസിയം പ്രതിനിധി മാർ നവാറോ ആമുഖ ഭാഷണവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ പ്രതിനിധി പ്രൊഫ. പുഷ്പ ലത നന്ദിയും പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐസിസിഎന്‍ പ്രതിനിധികളുടെ സാംസ്ക്കാരിക പൈതൃക സംരക്ഷണ മാർഗങ്ങളെ കുറിച്ച് അവതരണവും വട്ടമേശ ചർച്ചകളും നടന്നു. ഫ്രാൻസ്, ബ്രസീൽ, ശ്രീലങ്ക, സ്പെയിൻ, ബംഗ്ലാദേശ്, ബോട്സ്വാന , ബഹ്റീൻ, നേപ്പാൾ, സ്ലൊവാക്യാ, ഇറാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാംസ്കാരിക പൈതൃക സംരക്ഷണം സംബന്ധിച്ച ചർച്ചകളും നടന്നു.
യുനെസ്ക്കോ പൈതൃക സംരക്ഷണ പ്രഖ്യാപനത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'അർബ നിസവും പൈതൃക സംരക്ഷണവും' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും യുനെസ്‌കോയുടെ 2003 കണ്‍വെന്‍ഷന്റെ രണ്ട് ദശാബ്ദം പൂർത്തിയാവുന്നതിന്റെ ആദരവും നടത്തി.
അന്തർദേശീയ സെമിനാറിൽ യുനെസ്കോ സാംസ്ക്കാരിക പൈതൃക അന്താരാഷ്ട്ര വിദഗ്ധനും കലിംഗ സർവകലാശാലാ പ്രൊ വൈസ് ചാൻസലറുമായ പ്രൊഫ. അമരേശ്വർ ഗല്ല മുഖ്യ പ്രഭാഷണം നടത്തി. ചാമരാജനഗർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊ. ഗംഗാധര, ടുമാ നി വർജീനിയ , കർണ്ണാടക ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ശ്രീനിവാസ , രഞ്ചൻ കാന്തി ഗുഹ , രാജ് സുവാൽ, ഡോ. സിയോംഗ് യോങ് പാർക്ക് , കാമില ലിയൽ റോസാ , ആർക്കിട്ടെക്റ്റ് കസ്തൂർബ, ഡോ. മലിഹ മൊസ്ലാ, നാച്ചോ സിൽ വസ്റ്റർ , ആൽബറ്റ ടുക്കാവ ആർക്കിട്ടെക്റ്റ് പ്രവീൺ ചന്ദ്ര, ഡോ. അഞജന പുരി, പ്രൊഫ.എ.കെ ശ്രീധരൻ, ശിവാനന്ദഹെഗ്‌ഡെ, പ്രേം മാനസി, അരുൺ നാരായൻ, കെ.കെ മാരാർ സംസാരിച്ചു.
കരകൗശല ശില്‍പശാലകളും പ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മേയര്‍മാര്‍, ഇന്റര്‍നാഷണല്‍ മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക മേഖലയിലെ പ്രഗല്ഭര്‍ തുടങ്ങി 30 ഓളം ലോക നഗരങ്ങളിലെ പ്രതിനിധികളാണ് അഞ്ചുദിവസമായി കോഴിക്കോട് സമ്മേളിക്കുന്നത്.
ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ പയ്യന്നൂര്‍ 'ഫോക് ലാന്‍ഡും യുനെസ്‌കോ ചെയര്‍, ഡോര്‍ഫ് കെറ്റല്‍, കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍, കലിംഗ സര്‍വകലാശാല എന്നിവയുടെയും സഹകരണത്തോടെയാണ് ജനറല്‍ അസംബ്ലി സംഘടിപ്പിക്കുന്നത്.
#ICCNGeneralAssembly #kicksoff #Kozhikode