കോഴിക്കോട്: (kozhikode.truevisionnews.com) ഗവർണർക്ക് ഇമെയിലിൽ ഭീഷണി സന്ദേശമയച്ച കേസിൽ പ്രതിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജ് മുറിയിൽ നെറ്റിയിൽ വെടിയേറ്റ് അവശനിലയിൽ കണ്ടെത്തിയത്.
പേരാമ്പ്ര കാവുന്തറ കളരിപ്പറമ്പ് സ്വദേശി ഷംസുദ്ദീൻ (38) ആണ് തലയ്ക്കു ഗുരുതര പരിക്കേറ്റ് ആശുപത്രിയിലുള്ളത്. രണ്ടു ദിവസം മുൻപു വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയ യുവാവു സ്വയം വെടിവച്ചതാണെന്നു കരുതുന്നു.
അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഷംസുദ്ദീന്റെ തലച്ചോറിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇ-മെയിലിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഷംസുദ്ദീന്റെ പേരിൽ ടൗൺ പൊലീസിൽ കേസുണ്ട്. ഫെബ്രുവരി രണ്ടിനായിരുന്നു ഗവർണറെ കൊല്ലുമെന്ന ഭീഷണി സന്ദേശം അയച്ചത്.
പൊലീസ് ഇയാളെ അന്വേഷിക്കുന്നതിനിടയിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തുകയും താൻ ഗവർണർക്ക് ഭീഷണി സന്ദേശം അയച്ചെന്ന് വ്യക്തമാക്കുകയുമായിരുന്നു.
വധഭീഷണി നടത്തിയതിനും പൊതു ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന വിധത്തിൽ പെരുമാറിയതിനും കേസെടുക്കുകയായിരുന്നു.
നിലവിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേ കോടതി(ഒന്ന്)യിൽ ഇതുസംബന്ധിച്ച വിചാരണ നടക്കുകയാണ്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടാണ് ഷംസുദ്ദീൻ രണ്ടു ദിവസം മുൻപു വീട്ടിൽ നിന്ന് ഇറങ്ങിയതെന്നു പേരാമ്പ്ര പൊലീസ് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയിൽ പൊലീസ് മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിനടുത്തു ടവർ ലൊക്കേഷൻ കണ്ടെത്തി.
തുടർന്നു പേരാമ്പ്ര പൊലീസ് നടക്കാവ് പൊലീസിനു വിവരം കൈമാറി. പൊലീസ് പുലർച്ചെ രണ്ടു മണിയോടെ ടൂറിസ്റ്റ് ഹോമിലെത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല.
മുറിയിൽ നിന്നു വെടി പൊട്ടിയ ശബ്ദം കേട്ടതായി സമീപത്തെ താമസക്കാർ പറഞ്ഞതിനെ തുടർന്നു പൊലീസ് വാതിൽ ചവിട്ടിത്തുറന്നപ്പോൾ ഷംസുദ്ദീൻ തലയ്ക്കു പരുക്കേറ്റ് കട്ടിലിൽ കിടക്കുകയായിരുന്നു.
ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന എയർഗൺ മുറിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
കേസിൽ ദുരൂഹത തുടരുകയാണ്. ലോഡ്ജിൽ എങ്ങനെ തോക്ക് കയറ്റി എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കേസിൽ പൊലീസിന്റെ സംയോജിത ഇടപെടൽ അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിലും ജീവൻ നിലനിർത്തുന്നതിനും പ്രധാനമായി.
#incident #young #man #foundshot #dead #lodge #room #Kozhikode #accused #case #sending #threatening #messages #governor #shot