കോഴിക്കോട്: (kozhikode.truevisionnews.com) ബീച്ചിൽ ആറുമാസത്തിനുള്ളിൽ ഉന്തുവണ്ടികൾക്ക് മാത്രമായി പ്രത്യേക ഇടമൊരുങ്ങും.
3.44 കോടിയുടെ പദ്ധതിക്ക് സംസ്ഥാന അംഗീകാരമായി. ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ ഭാഗമായാണ് ഒരേമാതൃകയിലുള്ള ഉന്തുവണ്ടികൾ ബീച്ചിൽ നിശ്ചിതസ്ഥലത്ത് ഒരുക്കുക.
ബീച്ചിന്റെ ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്താണ് പദ്ധതി. സഞ്ചാരികൾക്ക് ശുദ്ധമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യം. 90 കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. വണ്ടിയുടെ അകത്തുനിന്ന് കച്ചവടം നടത്താൻ പറ്റുന്ന രീതിയിലുള്ള വാഹനമാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ബീച്ചിൽ ഓപ്പൺ സ്റ്റേജെത്തുന്നതിന് മുന്നിലായുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഓരോ ഉന്തുവണ്ടിക്കും പ്രത്യേകമായി കുടിവെള്ളസംവിധാനമുണ്ടാകും.
മലിനജലം സംസ്കരണപ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും പുറത്തേക്കുവിടുക. മാലിന്യം വെവ്വേറെ തരംതിരിച്ചുവെക്കാനുള്ള സംവിധാനം ഒരുക്കും. ഡി-എർത്ത് ആണ് വിശദപദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്.
നഗരത്തിൽ ആകെ 2812 ഉന്തുവണ്ടികളുണ്ടെന്നും മറ്റ് ഓരോ ഭാഗങ്ങളിലും ഇത്തരത്തിൽ ഉന്തുവണ്ടികളെ പുനരധിവസിപ്പിക്കുമെന്നും ക്ഷേമകാര്യസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
#Kozhikode #way #coastal #trade #3.4crore #project #approved