കോഴിക്കോട്: (kozhikode.truevisionnews.com) ഇന്ത്യയിലെ ആദ്യ സാഹിത്യനഗരം പദവി കോഴിക്കോടിന് സ്വന്തം. ലോകത്തെ 55 നഗരങ്ങൾക്കാണ് വിവിധ വിഭാഗങ്ങളിൽ യുനെസ്കോ പദവി നൽകിയത്.
ഇന്ത്യയിൽ നിന്ന് സംഗീത നഗരമായി ഗ്വാളിയോറിനെയും തെരഞ്ഞെടുത്തു. കോർപറേഷന്റെ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെ തുടർന്നാണ് യുനെസ്കോക്ക് അപേക്ഷ നൽകിയത്.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യ നഗരപദവിക്കായുള്ള ശ്രമം നടത്തിയത്. സാഹിത്യനഗര ശൃംഖലയിലുള്ള പ്രാഗിൽനിന്നുള്ള ഗവേഷക വിദ്യാർഥി നഗരത്തിലെത്തി പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.
കോഴിക്കോട് 545 ലൈബ്രറികളും 62 പബ്ലിക് ലൈബ്രറികളുമുള്ള കാര്യം അപേക്ഷയിൽ എടുത്തു കാണിച്ചിരുന്നു. കോഴിക്കോട്ടെ എഴുത്തുകാർ, സാഹിത്യ-സാംസ്കാരിക രംഗത്തുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് സാഹിത്യ നഗരപദവി ലഭിച്ചത്.
പദ്ധതിക്ക് കോർപറേഷൻ ബജറ്റിൽ ഒരു കോടി രൂപ നീക്കിവെച്ചിരുന്നു.
എഴുത്തുകാർക്ക് താമസിച്ച് കൃതികൾ തർജമ ചെയ്യാനുള്ള സൗകര്യം, കുട്ടികളുടെ പാർലമെന്റ്, സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കോർത്ത് ലിറ്റററി സർക്യൂട്ട്, സാഹിത്യ മ്യൂസിയം, തെരുവുകളിൽ വായനക്കുള്ള ഇടം എന്നിവയെല്ലാം സാഹിത്യനഗരം പദ്ധതിയുടെ ഭാഗമായി നിലവിൽ വരും.
വെബ്സൈറ്റ് നിർമാണം, 2024ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, അന്തർദേശീയ തലത്തിൽ സാഹിത്യകാരന്മാർക്ക് ഒത്തുചേരാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്.
#Kozhikode #got #title #UNESCO #City #Literature