കോഴിക്കോട്: (kozhikode.truevisionnews.com) വ്യാജ സ്വർണ കാപ്സ്യൂളുകളുമായി എത്തിയ യാത്രക്കാരനെ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദാണ് പിടിയിലായത്. സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാളെ തഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നു.
തന്റെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് നൗഷാദ് സമ്മതിക്കുകയും നാലു കാപ്സ്യൂളുകൾ ഉദ്യോഗസ്ഥർക്ക് എടുത്തുകൊടുക്കുകയും ചെയ്തു. എന്നാൽ, അവയുടെ തൂക്കം നോക്കിയപ്പോൾ 262 ഗ്രാം തൂക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തുടർന്നുള്ള ചോദ്യംചെയ്യലിൽ അവ വ്യാജ സ്വർണമാണെന്ന് നൗഷാദ് സമ്മതിച്ചു.
ദോഹയിൽനിന്ന് വിമാനം കയറുന്നതിന് മുമ്പുതന്നെ സ്വർണമടങ്ങുന്ന കാപ്സ്യൂളുകൾ അവിടെ ഒരാൾക്ക് കൈമാറിയെന്നും വ്യാജ കാപ്സ്യൂളുകൾ അയാളിൽനിന്ന് പകരം വാങ്ങുകയായിരുന്നെന്നും നൗഷാദ് വ്യക്തമാക്കി.
ഇതിനു കൂട്ടുനിന്നതിനു തനിക്ക് പത്തുലക്ഷം പ്രതിഫലം തരാമെന്ന് സ്വർണക്കടത്ത് സംഘം പറഞ്ഞിരുന്നതായും യാത്രക്കാരൻ വ്യക്തമാക്കി. കസ്റ്റംസ് തുടർ അന്വേഷണം ആരംഭിച്ചു.
#Goldsmuggling #gang #fake #gold#arrested