കോഴിക്കോട്: (kozhikode.truevisionnews.com) കൊറിയറിൽ ആവശ്യപ്പെട്ട സാധനം വൈകിയതിൽ ഓൺലൈനായി കമ്പനിയുടെ ട്രാക്ക് പരിശോധിച്ച യുവാവിന്റെ കാൽ ലക്ഷം രൂപ സൈബർ തട്ടിപ്പു സംഘം കവർന്നു.
പയ്യാനക്കൽ സ്വദേശി ഫോട്ടോഗ്രഫറുടെ പണമാണ് രണ്ടു ദിവസങ്ങളിലായി ഓൺലൈൻ വഴി തട്ടിയെടുത്തത്.
സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകി. പ്രമുഖ കൊറിയർ വഴി എറണാകുളത്തു നിന്നു കൊടുവള്ളിയിലേക്ക് അയച്ച പാർസൽ എത്താൻ വൈകിയതിനെത്തുടർന്നു കൊറിയർ കമ്പനിയുടെ പാർസൽ ട്രാക്ക് പരിശോധിച്ചിരുന്നു.
ഇതിനിടയിൽ വെബ്സൈറ്റിൽ കോൾ ബട്ടൻ വന്നു. ഈ ലിങ്ക് തുറന്നപ്പോൾ കോൾ വന്നു. ഹിന്ദിയിൽ ഒരാൾ സംസാരിച്ചു. പാർസൽ വൈകുന്ന കാര്യം യുവാവ് സംസാരിച്ചപ്പോൾ 5 രൂപ യുപിഐ അക്കൗണ്ട് വഴി അയയ്ക്കാൻ അറിയിച്ചു.
ഇതിനായി മറ്റൊരു ലിങ്ക് യുവാവിനു വാട്സാപ്പിൽ അയച്ചു കൊടുത്തു. ഈ ലിങ്ക് വഴി പണം അയയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കനറാ ബാങ്ക് അക്കൗണ്ടു വഴിയും സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടു വഴിയും ശ്രമിച്ചു. സംശയം തോന്നി യുവാവ് ലിങ്ക് ഒഴിവാക്കി.
എന്നാൽ വൈകിട്ട് സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടു വഴി 2,900 രൂപ പിൻവലിച്ചതായി കണ്ടു. തുടർന്നു 15 ന് കനറാ ബാങ്ക് അക്കൗണ്ടിൽ നിന്നു 3 തവണയായി 25,000 രൂപ തട്ടിയെടുത്തു.
ഉടനെ ബാങ്കുമായി ബന്ധപ്പെട്ടു അക്കൗണ്ട് യുപിഐ നമ്പർ മാറ്റി. തുടർന്നു പന്നിയങ്കര പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
#cybergang #robbed # young #man #quarter #lakh #rupees #checking#company #track #courier #delay