കോഴിക്കോട് : (kozhikode.truevisionnews.com) മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു.വിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസിൽനിന്ന് നീതികിട്ടുന്നില്ലെന്ന് അതിജീവിത.
കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങൾക്കുമായി പോലീസിനെ സമീപിച്ചെങ്കിലും നിഷേധാത്മകസമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നാണ് അവരുടെ ആക്ഷേപം. പ്രതിയെ സഹായിക്കാനാണ് പോലീസ് ശ്രമമെന്നും അവർ പറയുന്നു.
ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അന്ന് കമ്മിഷണർ ഓഫീസിനുമുന്നിൽ സമരം തുടങ്ങുമെന്ന് മനുഷ്യാവകാശപ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു.
പീഡനത്തിനിരയായശേഷം വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരേ നൽകിയ പരാതിയിലെ അന്വേഷണറിപ്പോർട്ട് അതിജീവിതയ്ക്കു നൽകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചിട്ടും റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകുന്നില്ലെന്ന് നൗഷാദ് പറഞ്ഞു.
ഇത് പ്രതിയെ സഹായിക്കാനുള്ള പോലീസിന്റെ ഒളിച്ചുകളിയുടെ ഭാഗമാണ്. റിപ്പോർട്ടിന്റെ പകർപ്പ് കിട്ടാത്തതിനാൽ കോടതിയെ സമീപിക്കാനാകുന്നില്ല. നിയമപ്രശ്നങ്ങളുണ്ടെന്നും സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്നും പറഞ്ഞാണ് റിപ്പോർട്ട് നൽകാതിരിക്കുന്നതെന്ന് നൗഷാദ് പറഞ്ഞു.
വൈദ്യപരിശോധന നടത്തിയ ഡോ. കെ.വി. പ്രീതി അതിജീവിതയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പരാതി. ശരീരത്തിൽ മുറിവുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നത് കേസ് അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനുമാണെന്നും അവർ ആരോപിച്ചു.
അനുകൂലമായ മൊഴി പലരും നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയും ശാസ്ത്രീയപരിശോധന നടത്താതെയുമാണ് റിപ്പോർട്ട് നൽകിയതെന്നും അതിജീവിത ആരോപിച്ചു. ഇതോടെയാണ് ഡോക്ടറുടെ പേരിൽ പോലീസിന് പരാതിനൽകിയത്.
മൊഴിയിൽ മാറ്റംവരുത്തിയ ഡോക്ടർക്കുനേരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് കൂട്ടാക്കിയിരുന്നില്ല. പിന്നീട് പരാതി സ്വീകരിച്ചശേഷം അതിജീവിതയുടെയും ഡോക്ടറുടെയും മൊഴിയെടുത്തിരുന്നു.
പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 18-നാണ് യുവതിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഓപ്പറേഷൻ തിയേറ്ററിൽനിന്ന് ഐ.സി.യു.വിലേക്ക് മാറ്റുമ്പോൾ ജീവനക്കാരൻ പീഡിപ്പിച്ചതായാണ് പരാതി.
സംഭവത്തിൽ അറസ്റ്റിലായ അറ്റൻഡർ എം.എം. ശശീന്ദ്രനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പരാതിയിൽ കഴമ്പുള്ളതായി മെഡിക്കൽ കോളേജ് ചുമതലപ്പെടുത്തിയ അന്വേഷണസംഘം കണ്ടെത്തി. പരാതി നൽകിയതിനുശേഷം അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ചുജീവനക്കാരെയും സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
#ICU #torture #justice #police #strike#start #front #commissioner #office