കോഴിക്കോട്: (kozhikode.truevisionnews.com) പരാതി കൃത്യമായി അന്വേഷിക്കാതെ കോടതിയിൽ റിപ്പോർട്ട് നൽകിയ പൊലീസ് ഇൻസ്‌പെക്ടർക്ക് സസ്‌പൻഷൻ.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി കെ സുബൈർ എന്നിവരുടെ പേരിലുള്ള കത്വ–ഉന്നാവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച കുന്നമംഗലം ഇൻസ്‌പെക്ടർ യൂസഫ് നടുത്തറേമ്മലിനെതിരെയാണ് നടപടി.
കേസിൽ ഇരുവർക്കുമെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് കുന്നമംഗലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമീഷണർ രാജ് പാൽ മീണ നടത്തിയ അന്വേഷണത്തിലാണ് കേസ് കൈകാര്യം ചെയ്തതിലെ ഗുരുതര വീഴ്‌ച ബോധ്യപ്പെട്ടത്.
കത്വ–ഉന്നാവ ഇരകളെ സഹായിക്കാനെന്ന പേരിൽ യൂത്ത്‌ലീഗ് നടത്തിയ പണപ്പിരിവിൽ ക്രമക്കേട് നടന്നതായി മുൻ ദേശീയ കമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതിനൽകിയത്. ഒരു കോടിയോളം രൂപ പിരിച്ചതിൽ 69 ലക്ഷം മാത്രമാണ് രേഖകളിൽ കാണിച്ചത്.
സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ യൂസഫ് നടുത്തറേമ്മൽ തയ്യാറായില്ല. രാഷ്‌ട്രീയ വിരോധത്താലുള്ള വ്യാജപരാതിയാണെന്നും തെളിവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
തുടർന്ന് യൂസഫ് പടനിലം കോടതിയെ സമീപിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ചപ്പോഴാണ് കോടതിക്ക് പൊലീസിന്റെ വീഴ്‌ച ബോധ്യപ്പെട്ടത്. തുടർന്നാണ് റിപ്പോർട്ട് കോടതി തള്ളിയത്.
#Kunnamangalam #CI #suspended #serious #lapse #handling #case #court