കോഴിക്കോട്: (kozhikode.truevisionnews.com) ബീച്ചാശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് ഒ.പി. ടിക്കറ്റ് എടുക്കുന്നത് വലിയ സാഹസമായിമാറുന്നു.
ദിവസം രണ്ടായിരത്തോളം രോഗികൾ എത്തുന്ന ബീച്ചാശുപത്രിയിൽ മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതാണ് പ്രശ്നം. മണിക്കൂറുകളോളം ക്യൂനിന്ന് രോഗികൾ തളർന്ന് വീഴുകയാണ്.
ഏഴരമുതൽ പന്ത്രണ്ടരവരെയാണ് ഇവിടെ ഒ.പി. ടിക്കറ്റ് നൽകാറ്. അതിന് ആറുമണിമുതൽതന്നെ ആളുകൾ ക്യൂനിൽക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ വെവ്വേറെ ക്യൂ ആണെങ്കിലും കൗണ്ടറിൽ വെള്ളിയാഴ്ച രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ.
ഒടുവിൽ ടിക്കറ്റ് കിട്ടി ഉള്ളിൽ കടന്നാൽ സമയം വൈകിയതുകൊണ്ട് ഉദ്ദേശിച്ച ഡോക്ടറെയും കാണാൻകഴിയുന്നില്ല.
പന്ത്രണ്ടരയായി കൗണ്ടർ ക്ലോസ് ചെയ്യുന്നതിന് മുമ്പ് വരിയിൽ നിൽക്കുന്നവരെ ഒഴിവാക്കാൻ ദിവസവും ആശുപത്രി ജീവനക്കാർ പോലീസിന്റെ സഹായം തേടുകയാണ്.
ഇതേചൊല്ലിയുള്ള കശപിശ ഇവിടെ പതിവാണെന്ന് രോഗികൾ പറഞ്ഞു. ഒ.പി. ടിക്കറ്റ് സമ്പാദിക്കുക എന്നത് വലിയൊരു പീഡനമായി മാറിയിരിക്കുന്നുവെന്ന് കാരന്തൂരിൽനിന്നെത്തിയ കെ. ചന്ദ്രൻ പറഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്നാണ് ലാബ് പരിശോധനയുടെ ഫലവും കിട്ടുന്നത്.
ഒരിക്കൽക്കണ്ട ഡോക്ടറെ വീണ്ടും കാണണമെങ്കിലും ഇതുതന്നെയാണ് അവസ്ഥ. ഇതിനേക്കാൾ രോഗികൾവരുന്ന മെഡിക്കൽകോളേജിൽ ഇത്ര പ്രശ്നമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
#Grievances #beachhospital