കോഴിക്കോട്: (kozhikode.truevisionnews.com) മാലിന്യസംസ്കരണവും സംഭരണവും പാളിയതോടെ കോഴിക്കോടിനെ അഴുക്കാക്കി മാലിന്യക്കൂമ്പാരം.
ജില്ലയെ മികച്ച ശുചിത്വസംസ്കാരമുള്ള നഗരമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ കോർപ്പറേഷൻ ആരംഭിച്ച അഴക് പദ്ധതി പാളിയതോടെ നഗരം മാലിന്യങ്ങളാൽ വീർപ്പുമുട്ടുകയാണ്.
ദിനംപ്രതി നഗരത്തിലെത്തുന്ന യാത്രക്കാർ അലക്ഷ്യമായി വലിച്ചെറിയുന്നതും ജില്ലയുടെ പല സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്നതുമായ മാലിന്യങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്നത്.
ഞെളിയൻപറമ്പ്, ഭട്ട് റോഡ് ബീച്ച് തുടങ്ങിയ ഇടങ്ങളിലെ മാലിന്യ സംസ്കരണം നിലച്ചതോടെ ശേഖരിക്കുന്ന മാലിന്യങ്ങൾ ചോദ്യചിഹ്നമായി തുടരുകയാണ്. ബീച്ചിനോട് ചേർന്നുള്ള കോർപ്പറേഷന്റെ കീഴിലുള്ള മാലിന്യ സംഭരണ കേന്ദ്രം കത്തി നശിച്ചിട്ട് നാളേറെയായിട്ടില്ല.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഇവിടെ നിന്നാണ് തരംതിരിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിരുന്നത്. എന്നാൽ സംഭരണ കേന്ദ്രവും കത്തിനശിച്ചതോടെ മാലിന്യപ്രശ്നം അതിരൂക്ഷമായി.
നിലവിൽ മാലിന്യം സംസ്കരിക്കാൻ മതിയായ ഇടമില്ലാത്ത അവസ്ഥയാണ്. ഹരിത കർമ്മ സേനാംഗങ്ങൾ പല ഇടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ടൺ കണക്കിന് മാലിന്യങ്ങൾ പല ഇടങ്ങളിലായി കൂട്ടിയിടേണ്ട സ്ഥിതിയാണ്.
മാലിന്യ സംസ്‌കരണ പദ്ധതികൾ ഏറെയാണെങ്കിലും, കൃത്യമായി ബോധവത്കരണം നൽകാത്തതും അധികൃതരുടെ അശ്രദ്ധയുമാണ് നഗരം ചീഞ്ഞു നാറാൻ കാരണമാകുന്നത്.
ആകാശവാണിക്കും രക്ഷയില്ല, പുതിയങ്ങാടി കൂണ്ടുപറമ്പ് ആകാശവാണി പ്രക്ഷേപണ കേന്ദ്രവും മാലിന്യക്കൂമ്പാരത്തിനടിയിലാണ്. കേന്ദ്രത്തിന്റെ പുറത്തെ മതിലിനോട് ചേർന്നാണ് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്.
ദുർഗന്ധം കൊണ്ട് ഈ പരിസരത്തുകൂടി നടക്കാൻ പോലും പറ്റില്ല. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിലും കവറിലുമാക്കിയാണ് തള്ളുന്നത്. മഴ ശക്തമായതോടെ മാലിന്യങ്ങൾ അഴുകി റോഡിലേക്കിറങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലേയും അവസ്ഥ ഇതാണ്.
#waste #management #storage #failing; #People #noses #covered