കോഴിക്കോട്: (kozhikode.truevisionnews.com) ചോറോട് ദേശീയപാതയ്ക്ക് അരികിൽ വീണ്ടും ശുചിമുറി മാലിന്യം തള്ളി. തുടർച്ചയായി 2 ദിവസങ്ങളിൽ അമൃതാനന്ദമയി ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്താണ് മാലിന്യം ഒഴുക്കിയത്.
രാത്രി വാഹനത്തിൽ എത്തിച്ച മാലിന്യം ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി എടുത്ത കുഴികളിൽ ഒഴുക്കുകയാണ്. ടാങ്കർ ലോറി റോഡരികിൽ നിർത്തി പൈപ്പ് വഴി ഒഴുക്കുകയാണ് ചെയ്യുന്നത്.
ദുർഗന്ധവും രൂക്ഷമാണ്. മാലിന്യം തള്ളുന്നത് പതിവായതോടെ പൊറുതി മുട്ടിയ നാട്ടുകാർ രാത്രി സ്ക്വാഡുകളായി തിരിഞ്ഞ് നിരീക്ഷണം നടത്താൻ തീരുമാനിച്ചു.
പരിസരത്തെ കടകൾ കേന്ദ്രീകരിച്ച് സിസിടിവി സ്ഥാപിക്കാനും പൊലീസിന്റെ ഭാഗത്തു നിന്ന് നടപടി ശക്തമാക്കുന്നതിന് സമ്മർദം ചെലുത്താനും റസിഡന്റ്സ് അസോസിയേഷൻ, വികസന സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്ത യോഗം തീരുമാനിച്ചു.
ദേശീയപാത ആറു വരിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായി എടുത്ത കുഴികളിലാണ് ശുചിമുറി മാലിന്യം പതിവായി തള്ളുന്നത്.
മാസങ്ങളായി പ്രവൃത്തി മുടങ്ങിയ സാഹചര്യത്തിൽ നിർമാണം ത്വരിതപ്പെടുത്താൻ ദേശീയപാത അധികൃതരെ കണ്ട് ആവശ്യപ്പെടാനും റോഡ് അരികിലുള്ള കാടുകൾ വെട്ടി തെളിയിക്കാനും ആവശ്യപ്പെടും.
വാർഡ് മെംബർ കെ.കെ.റിനീഷ് അധ്യക്ഷത വഹിച്ചു. ടി.എച്ച്.രാജേന്ദ്രൻ, പി.ശശീന്ദ്രൻ, എ.വി.രഞ്ജിത്ത്, അശോകൻ ആലാച്ചുംപുറത്ത്, ആർ.വിശ്വൻ എന്നിവർ സംസാരിച്ചു.
#Toilet #waste #dumped #near #national #highway