കോഴിക്കോട്: (kozhikode.truevisionnews.com) അധ്യാപകരുടെ ഓൺലൈൻ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ അട്ടിമറിച്ച് വളഞ്ഞ വഴിയിലൂടെ അധ്യാപികയെ നിയമിച്ച ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് ഒന്നാം ക്ലാസിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞു വിടാതെ രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു.
പേരാമ്പ്ര ഉപജില്ലയിലെ പെരുവച്ചേരി ഗവ.എൽപി സ്കൂളിലാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തിയത്.
പഞ്ചായത്ത് അംഗം കെ.പി.മനോഹരൻ വിവരം അറിയിച്ചതിനെ ഉപജില്ല ഓഫിസർ കെ.എൻ.ബിനോയ് കുമാർ എത്തി പ്രധാനാധ്യാപകൻ കെ.ഷിനിദുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി.
പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
രക്ഷിതാക്കൾ ഡിഡിഇ, കലക്ടർ, എഇഒ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഉപരോധ സമരത്തിനിറങ്ങിയത്. എൻ.ഉമേഷ്, അശ്വതി ദീലീപ്, നീഷ്മ ബിജു, ശോഭ സുരേഷ്, നീതു വിവേക്, പി.മുഹസിന, കെ.നിമ്മി, വി.പ്രസീന, ടി.അതുല്യ എന്നിവർ സമരത്തിന് നേതൃത്വം നൽകി. രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
കുട്ടികളുടെ പഠന കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന പിടിഎ കമ്മിറ്റിയുടെയും രക്ഷിതാക്കളുടെയും പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പേരാമ്പ്ര ഉപജില്ല ഓഫിസർ കെ.എൻ.ബിനോയ് കുമാർ പറഞ്ഞു. നിയമന കാര്യത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
#appointment #teachers #crooked #ParentsLaySiege #Peruvacheri #GovtLPSchool