കോഴിക്കോട്: (kozhikode.truevisionnews.com) പയ്യോളി ടൗണിൽ നടക്കുന്ന ദേശീയപാത നിർമാണപ്രവൃത്തി നഗരസഭാ കൗൺസിലർമാരും വ്യാപാരികളുംമറ്റും ചേർന്ന് തടസ്സപ്പെടുത്തി.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മണ്ണിട്ടുയർത്താതെ ടൗൺ മുഴുവൻ കോൺക്രീറ്റ് തൂണിൽ ഉയരപാത വേണമെന്ന ആവശ്യവുമായാണ് തടഞ്ഞത്.
ജെ.സി.ബി.യുടെ മുന്നിൽ തടസ്സംനിന്നതോടെ പണി നിർത്തി. മുദ്രാവാക്യം വിളിയും പ്രസംഗവുമെല്ലാം ഉയരപാതയ്ക്കുവേണ്ടിയായിരുന്നു.
കമ്പനിയുടെ ഉദ്യോഗസ്ഥർ വന്നിട്ട് പ്രവൃത്തി തുടങ്ങിയാൽ മതിയെന്നായിരുന്നു തൊഴിലാളികൾക്ക് നൽകിയ നിർദേശം. തുടർന്ന് നഗരസഭാ ഓഫീസിൽനടന്ന യോഗത്തിലും ആദ്യമെല്ലാം ഉയരപാതയെപ്പറ്റിയായിരുന്നു സംസാരം.
യോഗത്തിൽ നിർമാണകമ്പനിയുടെ ഉദ്യോഗസ്ഥനുമെത്തി. എന്നാൽ, പ്രവൃത്തി തടസ്സപ്പെടുത്തിയതിൽ അഭിപ്രായവ്യത്യാസമുയർന്നു.
സർവകക്ഷിയോഗത്തിൽ ചർച്ചനടത്താതെ എടുത്തുചാടി പണി തടഞ്ഞതിനായിരുന്നു വിമർശനം. ഇതോടെ പ്രവൃത്തി തടഞ്ഞതിനുകാരണം പൊടിശല്യവും വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതുമൂലമുള്ള പ്രയാസവും സർവീസ് റോഡിന്റെ അപകടസ്ഥിതിയും ഗതാഗതക്കുരുക്കുമൊക്കെയായി മാറി.
ഉയരപാതയുടെ പേരിൽ പ്രവൃത്തി തടയാൻ തീരമാനമെടുത്തിട്ടില്ലെന്നും ചിലർ തെറ്റിദ്ധരിക്കുകയായിരുന്നെന്നും യോഗത്തിൽ നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ പറഞ്ഞു.
വ്യാപാരികളെ മുന്നിലിട്ട് സമരമുഖത്തുനിന്ന് നഗരസഭാ അധികൃതർ മാറിനിന്നതിൽ വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം. ഫൈസൽ പ്രതിഷേധിച്ചു. യോഗം കഴിഞ്ഞതോടെ നിർമാണപ്രവൃത്തി വീണ്ടും തുടങ്ങി.
#construction #national #highway #stopped #municipal #councillors #demand #highroad