കോഴിക്കോട്: (kozhikode.truevisionnews.com) പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു അനുമതിക്കുള്ള അപേക്ഷ ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്ന് തിരിച്ചയച്ചു.
സർക്കാർ ഒപ്പമുണ്ടെന്നു പറയുമ്പോഴും നടപടി ക്രമങ്ങളിൽ ഏറെ കാലതാമസം ഉണ്ടാകുന്നതായി ഹർഷിന പറയുന്നു.
പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ കമ്മിഷണർക്കു നൽകിയിട്ടു ഒരു മാസത്തോളമാണ് ബന്ധപ്പെട്ട ഓഫിസിൽ കിടന്നത്. മനഃപൂർവം വച്ചു താമസിപ്പിച്ചതായി വരെ സംശയിക്കേണ്ടതായും പൂർണ നീതി ലഭിക്കാൻ ആവശ്യമെങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധങ്ങളായ എട്ടോളം കാര്യങ്ങൾ കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപിയുടെ ഓഫിസിലേക്ക് തിരിച്ചയച്ചത്.
കഴിഞ്ഞ 22ന് ആണ് പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ എസിപി, സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയത്. കമ്മിഷണർ ഓഫിസ് മുഖേനയാണ് ഇതു സർക്കാരിലേക്ക് നൽകേണ്ടത്.
എന്നാൽ ഒരു മാസം തികയാറാകുമ്പോഴാണ് ഇതു തിരിച്ചയച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഡോ. സി.കെ.രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹന, ഗവ. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ.
ഇവർക്കെതിരെ പൊലീസ് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 3 പേരുടെ അറസ്റ്റും എസിപി കെ.സുദർശൻ രേഖപ്പെടുത്തിയിരുന്നു.
ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപായി സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് അപേക്ഷ നൽകിയത്.
#KKHarshina #Case #Prosecution #Send #Permission #Application #Strike #Needed #Full #Justice