നന്മണ്ട : (kozhikode.truevisionnews.com) ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന നന്മണ്ട ഫെസ്റ്റിൻ്റെ ഭാഗമായുള്ള അമ്യൂസ്മെൻ്റ് കാർണിവലിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ വി.കെ.കിരൺ രാജ് അധ്യക്ഷത വഹിച്ചു. കാർണിവൽ 15 വരെ നീണ്ടു നില്ക്കും. ആകാശത്തൊട്ടിൽ, ബ്രേക്ക് ഡാൻസ്, ആകാശത്തോണി, പെറ്റ് ഷോ, മിനി ഫ്ലവർ ഷോ തുടങ്ങിയ ആകർഷകങ്ങളായ വിനോദോപാധികളാണ് കാർണിവലിൽ ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ ( 07.04.2025 തിങ്കൾ) വനം, വന്യ ജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അൻസിബ ഹസൻ മുഖ്യാതിഥിയാവും.
'ലഹരി ആപത്താകുമ്പോൾ' എന്ന വിഷയത്തിൽ പ്രശസ്ത ഭിഷഗ്വരനും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ. ടി.പി. മെഹറൂഫ് രാജ് പ്രഭാഷണം നടത്തും. ഫെസ്റ്റിന് തുടക്കം കുറിച്ച് വൈകീട്ട് 5 നന്മണ്ട -13ൽ മണിക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും.
നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നാസിക് ഡോൾ എന്നിവയ്ക്ക് പുറമെ റോബോട്ടിക്ക് ആനയും ഘോഷയാത്രയ്ക്ക് മിഴിവേകും. തുടർന്ന് എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
#NanmandaFest #AmusementCarnivalinaugurated