കോഴിക്കോട്: (kozhikode.truevisionnews.com) വീറും വാശിയും നിറഞ്ഞ കബഡി മത്സരത്തിന് വേദിയായി കോഴിക്കോട് ബീച്ച്. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് ബുധനാഴ്ച കബഡി മത്സരം സംഘടിപ്പിച്ചത്.
വാശിയേറിയ വനിതാ വിഭാഗം കബഡി മത്സരത്തിൽ വീർമാരുതി തലക്കുളത്തൂരിനെ പരാജയപ്പെടുത്തി ഗജമുഖ കണ്ണഞ്ചേരി ജേതാക്കളായി.
കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് എട്ടായിരം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് നാലായിരം രൂപയുമാണ് സമ്മാനത്തുക.
കോഴിക്കോട് ബീച്ചിൽ നടന്ന കബഡി മത്സരത്തിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് പങ്കെടുത്തത്.
പുരുഷ വിഭാഗം മത്സരത്തിൽ ഗജമുഖ കണ്ണഞ്ചേരി, കുരുക്ഷേത്ര വെണ്ണക്കോട്, സാൻഡ് ഗ്രൗണ്ട് നടുവട്ടം, അശ്വമേധ എന്നിവരാണ് മാറ്റുരയ്ക്കുന്നത്.
കബഡി മത്സരത്തിന്റ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് നിർവഹിച്ചു. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഇ കോയ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് സ്വാഗതവും ഡിടിപിസി മാനേജർ നന്ദുലാൽ നന്ദിയും പറഞ്ഞു.
ഇന്ന് വൈകീട്ട് അഞ്ചിന് സെപക് തക്രോ മത്സരവും 23 ന് ഫുട്ബോൾ മത്സരവും നടക്കും. ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ച 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിക്കും.
24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബർ 26 മുതൽ 29 വരെ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
#BeypurInternationalWaterfest: #Gajamukha #Kannancheri #wins #Kozhikode #beach #women's #category #Kabaddi #Arava