---
title: "#WestNilefever | കോഴിക്കോട് നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു, നിസ്സാരമാക്കരുത് ഈ കൊതുകുജന്യരോ​ഗം "
english_title: "#WestNilefever #confirmed #four #people #Kozhikode, #take #mosquitoborne #disease #lightly"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/203667/westnilefever-confirmed-four-people-kozhikode-take-mosquitoborne-disease-lightly"
published_at: "2024-05-07T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639bdf20216f_aaa.jpg"
keywords: []
---

# #WestNilefever | കോഴിക്കോട് നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു, നിസ്സാരമാക്കരുത് ഈ കൊതുകുജന്യരോ​ഗം 

> **Lead Summary:** **കോഴിക്കോട്: [** ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നത്.

## Article Content

**കോഴിക്കോട്: [** ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നത്.

രോ​ഗം സ്ഥിരീകരിച്ച നാലുപേരും രോ​ഗമുക്തി നേടി. വെസ്റ്റ്നൈൽ സംശയിക്കുന്ന വേങ്ങേരി സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ രണ്ടുപേരുടെ മരണം വെസ്റ്റ്നൈൽ ബാധിച്ചാണോ എന്ന സംശയവുമുണ്ട്.

** എന്താണ് വെസ്റ്റ് നൈൽ? **

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ൽ യുഗാൺഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

സംസ്ഥാനത്താദ്യമായി 2011-ൽ ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു.

** രോഗലക്ഷണങ്ങൾ **

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം.

ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.

** രോഗപ്രതിരോധവും ചികിത്സയും **

ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.

** മുൻകരുതലുകൾ**

വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക സ്വയംചികിത്സ ഒഴിവാക്കുക

** ശ്രദ്ധിക്കേണ്ട കാര്യങ്ങൾ **

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക.

മനുഷ്യരെയും മൃ​ഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോ​ഗബാധ ഉണ്ടാകും. എന്നാൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോ​ഗം പകരില്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/203667/westnilefever-confirmed-four-people-kozhikode-take-mosquitoborne-disease-lightly)