May 2, 2024 08:43 PM

കോഴിക്കോട്: (newskozhikode.in) കൊടും ചൂടിനിടയ്ക്കും നീതി തേടി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്തുവരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിക്കും.

ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരേ കൊടുത്ത പരാതിയിലെ അന്വേഷണറിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കാന്‍ ഐ.ജി. കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഐ.ജി. കെ. സേതുരാമന്‍ സമരസമിതി പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിനോട് സംസാരിക്കുകയും നിയമോപദേശം ലഭിച്ച് റിപ്പോര്‍ട്ട് നല്‍കാവുന്നതാണെന്നും പകര്‍പ്പുകള്‍ നല്‍കാന്‍ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.

ഇതോടെയാണ് 12 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ അതിജീവിത തീരുമാനിച്ചത്. വെള്ളിയാഴ്ച്ച അതിജീവിത മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം സമരം അവസാനിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നതിനിടെ ബുധനാഴ്ച്ച അതീജീവിത കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വൈകുന്നേരമാണ് ഡിസ്ചാര്‍ജ് ആയത്.

കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 21-നാണ് ഡി.ജി.പി ഐ.ജി.യെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്.

തുടര്‍ന്ന് അതിജീവിതയും സമരസമിതി പ്രവര്‍ത്തകരും ഐ.ജി.യെ കണ്ടപ്പോള്‍ മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് 23-ന് അതിജീവിത താത്കാലികമായി സമരം നിര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വീണ്ടും സമരം ആരംഭിച്ചത്.

#ICUHarassmentcase: #Decision #submit #investigation #report; #End #life #struggle

Next TV

Top Stories










News Roundup