---
title: "ചെറുകിട ക്ഷീരകർഷകർക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നൽകണം: സർക്കാരിനോട് ആവശ്യവുമായി കെഎഎച്ച്ഡിഎസ്എ ജില്ലാ സമ്മേളനം"
english_title: "KAHDSA Demands Free Feed and Medicines for Small Dairy Farmers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/391599/free-feed-medicines-small-dairy-farmers"
published_at: "2026-11-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8116610246_free-feed-medicines-small-dairy-farmers.jpg"
keywords: ["DairyFarmers", "AnimalHusbandry", "KeralaNews", "KozhikodeDistrict", "FarmSupport"]
---

# ചെറുകിട ക്ഷീരകർഷകർക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നൽകണം: സർക്കാരിനോട് ആവശ്യവുമായി കെഎഎച്ച്ഡിഎസ്എ ജില്ലാ സമ്മേളനം

> **Lead Summary:** അകലാപ്പുഴ: ചെറുകിട ക്ഷീരകർഷകർക്ക് വരുമാനം ലഭിച്ചുതുടങ്ങുന്നതുവരെ കാലിത്തീറ്റയും മരുന്നുകളും സൗജന്യമായി നൽകണമെന്നും യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെഎഎച്ച്ഡിഎസ്എ) കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

അകലാപ്പുഴ: ചെറുകിട ക്ഷീരകർഷകർക്ക് വരുമാനം ലഭിച്ചുതുടങ്ങുന്നതുവരെ കാലിത്തീറ്റയും മരുന്നുകളും സൗജന്യമായി നൽകണമെന്നും യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും കേരള അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെഎഎച്ച്ഡിഎസ്എ) കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊയിലാണ്ടി താലൂക്കിലെ അകലാപ്പുഴയിൽ നടന്ന ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. കെഎഎച്ച്ഡിഎസ്എ ജില്ലാ പ്രസിഡന്റ് റോസ് മേരി ഡിക്കോത്ത അധ്യക്ഷത വഹിച്ചു.

നിത്യോപയോഗ സാധനങ്ങളുടെയും കാലിത്തീറ്റയുടെയും വില വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കാലികൾക്ക് ആവശ്യമായ കാലിത്തീറ്റയും മരുന്നുകളും കൃത്യമായി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അന്യസംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ചില മാരകരോഗങ്ങൾ കേരളത്തിലും വ്യാപകമായതോടെ ചികിത്സാച്ചെലവും വർധിച്ചു. വിലകൂടിയ മരുന്നുകൾ യഥാസമയം ലഭ്യമാക്കാൻ കഴിയാത്തത് ക്ഷീരകർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും സമ്മേളനം വിലയിരുത്തി.

ഇത്തരം പ്രതിസന്ധികൾ കാരണം നിലവിലുള്ള കർഷകരിൽ പലരും ക്ഷീരമേഖല ഉപേക്ഷിക്കുകയാണെന്നും യുവാക്കൾ പുതുതായി ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി.

കർഷകർക്ക് വരുമാനം ലഭിച്ചുതുടങ്ങുന്നതുവരെ, അതായത് കാലികളുടെ ആദ്യ പ്രസവം വരെയെങ്കിലും കാലിത്തീറ്റയും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

മൃഗസംരക്ഷണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വരെയുള്ള സാങ്കേതികേതര ജീവനക്കാരുടെ സംഘടനയാണ് കെഎഎച്ച്ഡിഎസ്എ. ക്ഷീരകർഷകരുടെ പ്രയാസങ്ങൾ നേരിട്ടറിയുന്ന ജീവനക്കാരെന്ന നിലയിലാണ് സംഘടന ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.

**ജീവനക്കാരുടെ അവകാശങ്ങൾക്കായി ഡിസംബർ 10ന് ഉപവാസ സമരം**

പന്ത്രണ്ടാം ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, സ്ഥലംമാറ്റ നടപടികൾ ഓൺലൈനാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.

ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുക്കളായി നൽകാനുള്ള ഉത്തരവ് നടപ്പിലാക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന നേതാക്കൾ നടത്തുന്ന ഉപവാസ സമരത്തിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത നരേഷ് കുമാർ കുന്നിയൂർ ആവശ്യപ്പെട്ടു.

**പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു**

ജില്ലാ സെക്രട്ടറി കെ.സി. ഷാജീവൻ സ്വാഗതം പറഞ്ഞു. കെ.സി. ഷാജീവൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി മനോജ് കുമാർ പാറപ്പുറത്ത് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ ഷീലാമ്മ ടി.ഡി. വരവുചെലവ് കണക്കും അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ദീപ്തി കെ.പി., വൈസ് പ്രസിഡന്റ് കെ. അമൃത് രാജ്, കെഎഎച്ച്ഡിഎസ്എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബാബു മഠത്തിൽ എന്നിവർ സംസാരിച്ചു.

**വിരമിച്ച ജീവനക്കാർക്കും കായികപ്രതിഭയ്ക്കും ആദരം**

തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

സർവീസിൽനിന്ന് വിരമിച്ച എം. സച്ചിദാനന്ദൻ, എ.എഫ്.ഒ., രഞ്ജിനി സി.പി., മോഹനൻ കെ.പി. എന്നിവർക്കും സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.എസ്. ശ്രേയ ലക്ഷ്മിക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.

കെഎഎച്ച്ഡിഎസ്എ കൊയിലാണ്ടി മേഖലാ ട്രഷററായിരുന്ന കെ.ഇ. ഷിനോദിന്റെ മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രേയ ലക്ഷ്മി.

ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ. അമൃത് രാജ്, കെഎഎച്ച്ഡിഎസ്എ സംസ്ഥാന സെക്രട്ടറി മനോജ് കുമാർ പാറപ്പുറത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബാബു മഠത്തിൽ എന്നിവർ ആശംസകൾ നേർന്നു. സുരേഷ് കെ. നന്ദി പറഞ്ഞു.

**പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു**

കെഎഎച്ച്ഡിഎസ്എ കോഴിക്കോട് ജില്ലാ ഭാരവാഹികളായി റോസ് മേരി ഡിക്കോത്ത (പ്രസിഡന്റ്), കെ.സി. ഷാജീവൻ (സെക്രട്ടറി), ടി.പി. ലീന (ട്രഷറർ), കെ. രമ, കെ. ഗിരീഷ് (വൈസ് പ്രസിഡന്റുമാർ), ഗീത മരുതോറമ്മൽ, കെ. ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

വനിതാ കമ്മിറ്റി പ്രസിഡന്റായി ടി.ഡി. ഷീലാമ്മയെയും സെക്രട്ടറിയായി എൻ. ബിന്ദുവിനെയും തിരഞ്ഞെടുത്തു.

The Kozhikode district conference of the Kerala Animal Husbandry Department Staff Association urged the government to provide free cattle feed and medicines to small dairy farmers until they begin earning income. It also called for special measures to attract youth into dairy farming, warning that rising costs and disease outbreaks are pushing farmers out of the sector.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/391599/free-feed-medicines-small-dairy-farmers)