---
title: "എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാൻ മെൻ്റർ: ശാസ്ത്രീയ പരിശീലനം പൂർത്തിയായി -രമേശ് ചെന്നിത്തല"
english_title: "Every Police Station to Have a Thoofan Mentor: Training Completed, Says Ramesh Chennithala"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/386163/thoofan-mentor-police-stations-kerala"
published_at: "2026-10-08T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7c1468a2c4_toofan-mentor-police-stations-anti-drug-drive.jpg"
keywords: ["KeralaPolice", "DrugPrevention", "ThoofanOperation", "RameshChennithala", "AmritaHospital"]
---

# എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാൻ മെൻ്റർ: ശാസ്ത്രീയ പരിശീലനം പൂർത്തിയായി -രമേശ് ചെന്നിത്തല

> **Lead Summary:** കൊച്ചി: എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാൻ മെൻ്ററുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർക്കുള്ള ശാസ്ത്രീയ പരിശീലനം പൂർത്തിയായി.

## Article Content

കൊച്ചി: എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാൻ മെൻ്ററുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർക്കുള്ള ശാസ്ത്രീയ പരിശീലനം പൂർത്തിയായി.

വരുന്ന തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കുകയെന്ന ധാർമികമായ ഉത്തരവാദിത്തമാണ് 'തൂഫാൻ മെന്റർ' ആയ പൊലീസിന്റെ ദൗത്യം. സാമൂഹിക ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം ലഹരിയാണ്. അതിനെ തുരത്തുക തന്നെ വേണം. കൊടുങ്കാറ്റു പോലെ കേരളത്തിൽ അങ്ങോളമിങ്ങോളം ആഞ്ഞടിക്കുന്ന തൂഫാന്റെ വിജയത്തിൽ സന്തോഷിക്കുന്ന നിരവധി അമ്മമാരും സഹോദരിമാരുമുണ്ട്.

പൊലീസ് എപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകുന്നവരാണ്. എന്തെങ്കിലും ചെയ്‌താൽ അതിക്രമമെന്നും ചെയ്‌തില്ലെങ്കിൽ നിഷ്‌ക്രിയമെന്നും പറയും. എന്നാൽ ഇപ്പോൾ ഓപ്പറേഷൻ തൂഫാനിലൂടെ വിമർശനങ്ങൾക്ക് അതീതമായി ജനങ്ങൾ കേരള പൊലീസിനെ മനസിലേറ്റെടുത്തു. പ്രതി ആരെന്ന് നോക്കാതെ അവർ ചെയ്‌ത കുറ്റം നോക്കി കൃത്യമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന ഉദ്യോഗസ്ഥർക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകില്ല. നിങ്ങൾ ഇടപെടുന്നത് സമൂഹവുമായും മനുഷ്യരുമായുമാണെന്ന ചിന്തയുണ്ടാകണം. പ്രവർത്തന മേഖലയിൽ സത്യസന്ധത പാലിക്കണം.

തൂഫാൻ മികച്ച രീതിയിൽ മുന്നോട്ടു പോകണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്. തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്തു തലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കുന്ന തൂഫാൻ കെയർ പദ്ധതിയുമായി സഹകരിക്കാൻ ആദ്യം മുന്നോട്ടുവന്നത് അമൃത ആശുപത്രിയാണ്. അവരുടെ കരുതലിന് പ്രത്യേകം അഭിനന്ദിക്കുന്നു. കേന്ദ്രമന്ത്രി അമിത് ഷാ നരേിൽ കണ്ടപ്പോൾ തൂഫാന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തന്നെ ദില്ലിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

ഗാനഗന്ധർവൻ യേശുദാസ് തൂഫാനു വേണ്ടി ഗാനം ആലപിച്ച് അയച്ചു തന്നു. സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുന്ന തൂഫാനു വേണ്ടി ഓരോരുത്തരും സർക്കാരിനെ ഇങ്ങോട്ട് സമീപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിലെ അമൃതായനം, ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമിജി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷത വഹിച്ചു. തോക്കും ബോംബുമില്ലാതെ നാടിനെ നശിപ്പിക്കാനായി നമുക്കിടയിലേക്ക് കടന്നുവരുന്ന ലഹരിയുടെ സർവനാശത്തിന് തിരികൊളുത്തിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്ന് സ്വാമി അമൃതസ്വരൂപാനന്ദ പുരി അഭിപ്രായപ്പെട്ടു.

ടി.ജെ വിനോദ് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, അമൃത ഹോസ്പിറ്റൽസ് പ്രൊവോസ്റ്റ് ആൻഡ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ഫ്ളവേഴ്‌സ് ഗ്രൂപ്പ് എം.ഡി ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് 473 പൊലീസ് ഉദ്യോഗസ്ഥരാണ് തൂഫാൻ മെന്റർ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

ചടങ്ങിൽ ‘തൂഫാൻ തമ്പി’ പദ്ധതി സംബന്ധിച്ച അവതരണവും തൂഫാൻ–അമൃത വീഡിയോ അവതരണവും നടന്നു. അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി. സ്വാഗതവും അമൃത ഹോസ്പിറ്റൽ പ്രൊഫസറും തൂഫാൻ തമ്പി സ്റ്റേറ്റ് കോ-ഓർഡിനേറ്ററുമായ ഡോ. സി. ശ്രീകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/386163/thoofan-mentor-police-stations-kerala)