---
title: "'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'; ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക ദൗത്യ സേനയുമായി ആഭ്യന്തര വകുപ്പ്"
english_title: "Police Launch ‘Speak Up’ Task Force to Tackle Domestic Violence"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/386120/kerala-police-speak-up-task-force-domestic-violence"
published_at: "2026-10-08T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac773d3c795f_kerala-police-speak-up-task-force-domestic-violence.jpg"
keywords: ["DomesticViolence", "KeralaPolice", "WomenSafety", "SpeakUpTaskForce", "LegalAid"]
---

# 'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'; ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക ദൗത്യ സേനയുമായി ആഭ്യന്തര വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐജി അജിത ബീഗം ഐ.പി.എസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല.

## Article Content

തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐജി അജിത ബീഗം ഐ.പി.എസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല.

> ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. “സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങൾ. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും പൊലീസ് നടത്തുക.”

ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഗാർഹിക പീഡനങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ ഉറപ്പാക്കുന്നതോടൊപ്പം, പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകൾക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിലൂടെ ലഭ്യമാക്കും.

ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം. ഇതുസംബന്ധിച്ച ഉത്തരവ്‌ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ പുറത്തിറക്കി.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്ത്രീകളാണ്‌ കേരളത്തിൽ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചത്‌. ഭയം കാരണം പരാതി പറയാതെ മൗനം പാലിക്കുന്നവരുമുണ്ട്‌. അത്തരം അവസ്ഥകൾ ആവർത്തിക്കാതിരിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

പരാതി എങ്ങനെ നൽകണം, ലഭ്യമായ നിയമസഹായം എന്തൊക്കെയാണ്, തുടർനടപടികൾ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളിൽ സ്പീക്ക് അപ്പ് പരാതിക്കാർക്ക് സഹായം നൽകും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികൾ പങ്കുവയ്ക്കാനുള്ള സാഹചര്യമാണ്‌ സ്‌പീക്കപ്പിലുണ്ടാവുക.

പരമ്പരാഗത പൊലീസ് നടപടികളിൽ നിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇടപെടൽ. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫീസർമാർ കേസിന്റെ പുരോഗതി, കൗൺസിലിംഗ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും.

ഡിജിറ്റൽ ഹെൽപ്പ്‌ലൈൻ, വാട്സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവ വഴി പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാൻഡ് സെന്റർ സജ്ജമാക്കും. പോക്സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. 1973-ൽ രാജ്യത്ത് ആദ്യമായി വനിതാ പൊലീസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പൊലീസ് ചരിത്രത്തിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് സ്പീക്ക് അപ്പ്.

ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്ക് അപ്പ് മേധാവി അജിത ബീഗം പറഞ്ഞു.

Kerala Police has launched a special task force called ‘Speak Up’ to prevent domestic violence and support survivors with legal aid, counseling and safety. The initiative will operate under senior women police officers and use helplines, WhatsApp and a mobile app for confidential complaint registration.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/386120/kerala-police-speak-up-task-force-domestic-violence)