---
title: "മൊഴികളിലെ വൈവിധ്യം പരിചയപ്പെടുത്തി ‘മൊഴി’; അന്താരാഷ്ട്ര ബധിര ദിനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സൗഹൃദ മത്സരം"
english_title: "‘Mozhi’ Friendship Competition Held in Kozhikode on International Deaf Day"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/384438/mozhi-friendship-competition-international-deaf-day-kozhikode"
published_at: "2026-09-27T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab92d5cf258f_mozhi-friendship-competition-international-deaf-day-kozhikode.jpg"
keywords: ["International Deaf Day", "Mozhi", "Kozhikode District Administration", "Sign Language", "Disability Friendly District"]
---

# മൊഴികളിലെ വൈവിധ്യം പരിചയപ്പെടുത്തി ‘മൊഴി’; അന്താരാഷ്ട്ര ബധിര ദിനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സൗഹൃദ മത്സരം

> **Lead Summary:** കോഴിക്കോട്: അന്താരാഷ്ട്ര ബധിര ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൊഴി’ സൗഹൃദ മത്സരം ആശയവിനിമയത്തിലെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വേദിയായി. കേൾവിക്ക് അപ്പുറമുള്ള ആശയവിനിമയ മാർഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ആംഗ്യഭാഷ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

## Article Content

കോഴിക്കോട്: അന്താരാഷ്ട്ര ബധിര ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൊഴി’ സൗഹൃദ മത്സരം ആശയവിനിമയത്തിലെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വേദിയായി. കേൾവിക്ക് അപ്പുറമുള്ള ആശയവിനിമയ മാർഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ആംഗ്യഭാഷ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

പൊതു ഇടങ്ങളിലും പൊതുസേവന രംഗങ്ങളിലും ബഹുമുഖ ആശയവിനിമയ മാർഗങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക, കൂടുതൽ ഉൾച്ചേർന്നതും എല്ലാവർക്കും ഒരുപോലെ പ്രാപ്യവുമായ സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളായിരുന്നു. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ വ്യത്യസ്ത ആശയവിനിമയ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി പ്രാധാന്യം നൽകി.

‘ബധിരരുടെ മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം’ എന്ന ഈ വർഷത്തെ ബധിര വാരാചരണത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ‘മൊഴി’ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. കോഴിക്കോടിനെ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആരംഭിച്ച സഹമിത്ര സമഗ്ര ഭിന്നശേഷി പരിരക്ഷ പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി.

കേൾവി പരിമിതരായ വിദ്യാർത്ഥികൾ ഉൾപ്പെടെ രണ്ട് പേരടങ്ങുന്ന ഇടകലർന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരാർത്ഥികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രശസ്തിപത്രവും സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം അംഗങ്ങളാണ് സെഷനുകൾക്ക് നേതൃത്വം നൽകിയത്.

വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളേജിലെ അധ്യാപകരായ സുഖദേവ് കെ.എസ്., സന്ദീപ് കെ.എം. എന്നിവർ പരിപാടിയിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളായി പ്രവർത്തിച്ചു.

പൊതുജനങ്ങൾക്ക് ആംഗ്യഭാഷ പരിചയപ്പെടുത്തുന്നതിനായി ജില്ലാ കളക്ടറുടെ സാമൂഹിക മാധ്യമ പേജുകളിലൂടെ ദിനേന ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ നൽകുന്ന ‘സൈൻ അപ്പ്’ വീഡിയോ സീരീസിനും കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ തുടക്കം കുറിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/384438/mozhi-friendship-competition-international-deaf-day-kozhikode)